യുഡിഎഫ് എംഎല്‍എമാര്‍ കിറ്റ് വാങ്ങില്ലെന്ന് അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി സപ്ലൈകോ

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാര്‍ ഓണക്കിറ്റ് വാങ്ങില്ലെന്ന് അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി സപ്ലൈകോ രംഗത്തെത്തി. എംഎല്‍എമാര്‍ക്കുള്ളത് സാധാരണ ഓണക്കിറ്റല്ലെന്നും റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായി ശബരി ഉല്‍പന്നങ്ങളാണ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്‍കുന്നതെന്നും സപ്ലൈകോ അറിയിച്ചു. എംഎല്‍എമാര്‍ക്കുള്ളത് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന ഓണക്കിറ്റ് അല്ലെന്നാണ് സപ്ലൈകോ വ്യക്തമാക്കുന്നത്. 12 ഇനം ശബരി ഉത്പന്നങ്ങളാണ് എംഎല്‍എമാര്‍ക്കുള്ള കിറ്റില്‍ ഉള്ളത്. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത് 14 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ കിറ്റാണ്.

എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ് അറിയിച്ചിരുന്നു. എംഎല്‍എമാര്‍ക്കുള്ള സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് പ്രതിപക്ഷം സ്വീകരിക്കില്ല. പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത കിറ്റ് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.

Top