After three decades, KM Mani’s Kerala Congress (M) leaves UDF; Oommen chandy’s dream flopped

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയും യുഡിഎഫും മുന്‍പ് കണ്ട ഭരണത്തുടര്‍ച്ചയെന്ന സ്വപ്നം ഇടതുപക്ഷത്തെ സംബന്ധിച്ച് ഇനി കൈ എത്തും ദൂരത്ത്.

കേരളാ കോണ്‍ഗ്രസ്സ് യുഡിഎഫിനോട് ഗുഡ്‌ബൈ പറഞ്ഞ സാഹചര്യത്തില്‍ ഇനി കേരളം ചെങ്കോട്ടയാക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.

കേരള കോണ്‍ഗ്രസ്സിനെ ഇടതുപക്ഷത്തിലേക്കെടുക്കില്ലെന്ന് സിപിഐ നയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അഴിമതി ആരോപണത്തില്‍ കുറ്റവിമുക്തനായാല്‍ സഹകരിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. ഇതിന് ഇനിയും സാവകാശമുണ്ട് എന്നതിനാല്‍ കാത്തിരിക്കുക എന്നതാണ് സിപിഎമ്മിന്റെ നയം.

സിപിഐയെ സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം അഗ്നിശുദ്ധി വരുത്തുകയാണെങ്കില്‍ പോലും ഇടതുമുന്നണിയിലേക്ക് വന്നാല്‍ മുന്നണിയിലെ രണ്ടാം കക്ഷിയായ തങ്ങളുടെ പ്രാമുഖ്യം നഷ്ടമാവുമെന്ന ഭയമാണുള്ളത്.

ഇടത് മുന്നണിയില്‍ സിപിഎം കഴിഞ്ഞാല്‍ പിന്നെ അല്പമെങ്കിലും സ്വാധീനമുള്ളത് സിപിഐക്ക് മാത്രമാണ്. കൊല്ലം,തൃശ്ശൂര്‍,ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും സിപിഐക്ക് വേരോട്ടമുള്ളത്.

കേരളാ കോണ്‍ഗ്രസ്സ് മാണിക്കാവട്ടെ കോട്ടയം,പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വലിയ സ്വാധീനമാണുള്ളത്. എറണാകുളം ജില്ലയിലും കേരളാ കോണ്‍ഗ്രസ്സിന് നല്ല വോട്ട്ബാങ്ക് ഉണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും നീണ്ട കാലയളവ് ബാക്കിയുണ്ടെങ്കിലും സര്‍ക്കാരിന്റെ സുഗമമായ മുന്നോട്ട് പോക്കിന് സഭയില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്ന് പിന്‍തുണയുണ്ടാകുമെന്നാണ് മാണി നല്‍കുന്ന സൂചന.

യുഡിഎഫുമായുള്ള ബന്ധം താല്‍ക്കാലികമായാണ് വിച്ഛേദിച്ചതെങ്കിലും ഈ സാഹചര്യം ഉപയോഗപ്പെടുത്തി യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് സിപിഎമ്മിന്റെ നീക്കം.

അഗ്നിശുദ്ധി വരുത്തിയാല്‍ കേരളാ കോണ്‍ഗ്രസ്സിനെ ഇടതുമുന്നണിയിലെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് തന്നെയാണ് സിപിഎമ്മിന്റെ നിലപാട്.

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടത് ആ മുന്നണിയിലെ ഉരുള്‍ പൊട്ടലിന്റെ തുടക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് മാണി അവസാനിപ്പിച്ചത്. യുഡിഎഫിലെ മറ്റ് ചില കക്ഷികളിലും മുന്നണിവിടണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. ജെഡിയുവിലും ആര്‍എസ്പിയിലും ഈ അഭിപ്രായം ശക്തിപ്പെടുകയാണ്. അതുകൊണ്ട് യുഡിഎഫ് പിരിച്ചുവിടുകയാണ് നല്ലത്. ഇല്ലെങ്കില്‍ ഇതിലും വലിയ നാണക്കേട് ഇനി സഹിക്കേണ്ടിവരുമെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.

ഇടതുമുന്നണിയില്‍ സിപിഎമ്മും സിപിഐയും പിന്നെ കേരളാ കോണ്‍ഗ്രസ്സിനെ കൂടി കൂട്ടുകയാണെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് അധികാരത്തില്‍ വരാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിലാണെങ്കില്‍ കോട്ടയം,പത്തനംതിട്ട,എറണാകുളം,ആലപ്പുഴ മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടാമെന്നും ഇടുക്കി നിഷ്പ്രയാസം നിലനിര്‍ത്താന്‍ ഇടതുമുന്നണിക്ക് കഴിയുമെന്നുമാണ് നിഗമനം.

കോട്ടയം കേരളാ കോണ്‍ഗ്രസ്സിന് വേണ്ടി വച്ച് മാറേണ്ട സാഹചര്യമുണ്ടായാല്‍ തന്നെ മറ്റ് കോണ്‍ഗ്രസ്സ് എംപിമാരുടെ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മാണിയുടെ ഇപ്പോഴത്തെ നിലപാട് ഗുണം ചെയ്യുമെന്ന യാഥാര്‍ത്ഥ്യം സിപിഎം നേതാക്കളും അംഗീകരിക്കുന്നുണ്ട്.

നിയമസഭയിലെ കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാടുകളും ബാര്‍ കേസിലെ ഗതിയും നോക്കി മാണിയുമായുള്ള സഹകരണ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമെന്നാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.

കെ എം മാണിക്കെതിരെയും യുഡിഎഫിനെതിരെയും ബാര്‍ കോഴക്കേസ് മുന്‍നിര്‍ത്തി ശക്തമായ പ്രക്ഷോഭം നടത്തിയ സിപിഎമ്മിന് ഇക്കാര്യത്തില്‍ അന്വേഷണത്തില്‍ യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായും വ്യക്തമാകാതെ ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. നിലവില്‍ മാണിയെ ഇടത് മുന്നണിയിലെടുക്കില്ല. കേരളാ കോണ്‍ഗ്രസ്സ് ബിജെപിയോട് സഹകരിച്ചാലും ആത്യന്തികമായി അത് യുഡിഎഫിനാണ് പ്രഹരമേല്‍പ്പിക്കുക എന്നാണ് സിപിഎം കരുതുന്നത്.

ചരല്‍ക്കുന്ന് ക്യാംപില്‍ ഇടത്-വലത് മുന്നണികളോടും ബിജെപി മുന്നണിയോടും തുല്യ അകലം പാലിക്കുമെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ്സ് സ്വീകരിച്ചിരിക്കുന്നതെങ്കിലും ഏതെങ്കിലും ഒരുമുന്നണിയുടെ ഭാഗമാകാതെ അവര്‍ക്ക് നിലനില്‍പ്പ് സാധ്യമല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. യുഡിഎഫിലേക്കുള്ള തിരിച്ച് പോക്കിനേക്കാള്‍ കേരളാ കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നത് ഇടതുമുന്നണിയിലെ ബര്‍ത്താണ്. അതല്ലെങ്കില്‍ ബിജെപി മുന്നണിയുമായുള്ള ബന്ധവും പരിഗണിക്കുന്നുണ്ട്.

ഇതിനിടെ മാണിയുടെ കടുത്ത നിലപാട് കോണ്‍ഗ്രസ്സ്-ലീഗ് നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതായതിനാല്‍ നേതൃതലത്തില്‍ അനുനയ ചര്‍ച്ചകളും സജീവമായിട്ടുണ്ട്.

മാണിയെ പ്രകോപിപ്പിക്കുന്ന രൂപത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചതില്‍ കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും ലീഗ് നേതൃത്വത്തിനിടയിലും കടുത്ത അതൃപ്തിയുണ്ട്.

ഏത് വിധേനയും മാണിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റിനെ തന്നെ രംഗത്തിറക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും അനുനയ ശ്രമങ്ങള്‍ തുടരും.

Top