ലോകകപ്പ് തോൽവിക്ക് പിന്നാലെ ടിറ്റെക്ക് നേരെ ആക്രമണം, മാല പൊട്ടിച്ച് മുങ്ങി അജ്ഞാതൻ

റിയോ ഡി ജനീറോ: ബ്രസീൽ പരിശീലനകനായിരുന്ന ടിറ്റേയുടെ മാല കവരുകയും അദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്തതായി റിപ്പോർട്ട്. റിയോയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് റി‌‌യോയിലെ തെരുവിൽവെച്ച് മുൻ ബ്രസീൽ പരിശീലകൻ ടിറ്റെയെ അജ്ഞാതൻ കൊള്ളയടിച്ചത്. 2022 ഫിഫ ലോകകപ്പിൽ നിന്ന് ബ്രസീലിന്റെ ക്വാർട്ടർ ഫൈനൽ പുറത്തായിരുന്നു. ടീമിന്റെ തോൽവിയിൽ ടിറ്റെക്കെതിരെ കടുത്ത വിമർശനമുയർന്നു. ബ്രസീലിയൻ പത്രമായ ഒ ഗ്ലോബോ‌യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

61 കാരനായ ടിറ്റെ 2016 മുതൽ ബ്രസീലിന്റെ പരിശീലകനായിരുന്നു. ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ തോറ്റത്. തോൽവിയെ തുടർന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവച്ചു. ടിറ്റെയുടെ പരിശീലനത്തിലാണ് 2018-ൽ കോപ്പ അമേരിക്ക കിരീടം നേടിയത്. എന്നാൽ 2018, 2022 ലോകകപ്പിൽ ബ്രസീലിന് ക്വാർട്ടർ ഫൈനലിനപ്പുറം ക‌ടക്കാനായില്ല. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീൽ. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി, എഎസ് റോമ കോച്ച് ജോസ് മൗറീഞ്ഞോ എന്നിവർ പ​രി​ഗണനയിലുണ്ട്.  നേരത്തെ പെപ് ഗ്വാര്‍ഡിയോളയ്ക്കായി ബ്രസീല്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

ഏറ്റവും മികച്ച സ്ക്വാഡുമായി ഖത്തറിലെത്തിയ ടിറ്റെയുടെ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പക്ഷേ ക്രൊയേഷ്യയെ മറികടക്കാനായില്ല. ഷൂട്ടൗട്ടില്‍ പിഴച്ചപ്പോള്‍ കാനറികള്‍ ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. യുവതാരം റോഡ്രിഗോ, പ്രതിരോധ നിരയിലെ കരുത്തന്‍ മാര്‍ക്വീഞ്ഞോസ് എന്നിവര്‍ക്കാണ് പെനാല്‍റ്റിയെടുത്തപ്പോള്‍ പിഴച്ചത്. കൂടുതല്‍ പരിചയമുള്ള നെയ്മര്‍ അടക്കം ഉള്ളവര്‍ ഉള്ളപ്പോള്‍ എന്തിനാണ് യുവതാരത്തെ സമ്മര്‍ദ്ദ ഘട്ടത്തില്‍ ആദ്യ കിക്ക് എടുക്കാന്‍ നിയോഗിച്ചതെന്ന് ടിറ്റെയ്‌ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Top