ഐഫോണ്‍ 14 പ്രോ ഫോണുകൾ പുറത്തിറക്കിയതിന് പിന്നാലെ ക്യാമറയ്ക്ക് പ്രശ്‌നം

ഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് ഫോണുകളിലെ ക്യാമറകള്‍ തുറക്കുമ്പോള്‍ ഫോൺ അനിയന്ത്രിതമായി വിറയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന പ്രശ്‌നം ഉപഭോക്താക്കളെ ആകെ നിരാശരാക്കിയിരിക്കുകയാണ്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് തയ്യാറാക്കുകയാണ് ആപ്പിള്‍ എന്ന് സിഎന്‍എന്‍ ബിസിനിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാമറ ആപ്പ് ഉപയോഗിക്കുമ്പോഴും സ്‌നാപ്ചാറ്റ, ടിക് ടോക്ക് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുമ്പോഴും മാത്രമാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത് എന്ന് ഉപഭോക്താക്കള്‍ പറയുന്നു.

പ്രശ്‌നം അറിഞ്ഞിട്ടുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ആപ്പിള്‍ സിഎന്‍എനിനോട് പറഞ്ഞു. അടുത്തയാഴ്ചയോടെ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയേക്കും. ആപ്പിള്‍ പുതിയതായി അവതരിപ്പിച്ച ഐഫോൺ14 പതിപ്പുകളില്‍ 48 എംപി ക്യാമറ ഉള്‍പ്പടെ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ഏറ്റവും വിലയുള്ള ഫോണുകളാണ് ഐഫോണ്‍ 14 പ്രോ മോഡലുകള്‍. വിലയേറിയിട്ടും ക്യാമറ ഉള്‍പ്പടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ കാരണം ഫോണിന് ആവശ്യക്കാരേറെയുണ്ട്. ആഗോള തലത്തില്‍ വില്‍പന ആരംഭിച്ചതിന് പിന്നാലെയാണ് ഇങ്ങനെ ഒരു പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്.

ആവശ്യക്കാര്‍ ഏറിയതിനെ തുടര്‍ന്ന് ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മോഡലുകളുടെ നിര്‍മാണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി കുവോ പറയുന്നത്. മറ്റ് മോഡലുകളേക്കാള്‍ കൂടുതല്‍ നാള്‍ കാത്തിരുന്നാലെ പ്രോ മോഡലുകള്‍ കയ്യില്‍ കിട്ടൂ എന്ന സ്ഥിതിയുമുണ്ട്.

Top