രാമക്ഷേത്രത്തിനു പിന്നാലെ പൗരത്വ നിയമഭേദഗതി, തിരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്ത് ബി.ജെ.പി, എതിർത്ത് ഇടതുപക്ഷം

യോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തെ സംഘപരിവാര്‍ ചടങ്ങാക്കി മാറ്റിയ ബി.ജെ.പി പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിലൂടെ മറ്റൊരു തിരഞ്ഞെടുപ്പ് അജണ്ട കൂടിയാണ് സെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമം അതായത് CAA നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ കാക്ദ്വീപില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് നിര്‍ണ്ണായക പ്രഖ്യാപനം അദ്ദേഹം നടത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സിഎഎ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ വന്ന ശന്തനു താക്കൂറിന്റെ പ്രസ്താവനയ്ക്ക് ദേശീയ മാധ്യമങ്ങളും വലിയ പ്രാധാനമാണ് നല്‍കിയിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ ലക്ഷ്യമിടുന്ന ബി.ജെ.പി അവരുടെ പ്രധാന പ്രചരണ വിഷയമിക്കുവാന്‍ ഇനി പോകുന്നതും അയോദ്ധ്യയും സി.എ.എയും തന്നെ ആയിരിക്കും. അയോദ്ധ്യയില്‍ രാമക്ഷേത്രം സാധ്യമാക്കിയ തങ്ങള്‍ സി.എ.എയും നടപ്പാക്കിയെന്ന് പറഞ്ഞ് വോട്ട് പിടിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരെയാണ് കേരളത്തിലും ഇനി കാണാന്‍ പോകുന്നത്. കേരളത്തില്‍ ഈ പ്രചരണത്തിന് അനുകൂലമായ ഒരു തരംഗം ഉണ്ടാകില്ലെങ്കിലും ഉത്തരേന്ത്യയിലെ സ്ഥിതി വ്യത്യസ്തമായിരിക്കും. അവിടെ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനു തന്നെയാണ് മേധാവിത്വം ലഭിക്കുക.

ഇവരെ ചെറുക്കാന്‍ ബാധ്യതപ്പെട്ട കോണ്‍ഗ്രസ്സിന്റെ അവസ്ഥ ഉത്തരേന്ത്യയില്‍ ദയനീയമാണ്. രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ആ പാര്‍ട്ടി ഇപ്പോള്‍ വെറും മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് ഭരിക്കുന്നത്. അതാകട്ടെ കര്‍ണ്ണാടക തെലങ്കാന ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളുമാണ്. ഇതില്‍ രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ്സ് നിലപാടിനെ തള്ളിയവരാണ് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍. സി.എഎ നിലപാടിലും സമാനമായ ഭിന്നതയാണ് കോണ്‍ഗ്രസ്സിനെ കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ തറപ്പിച്ചുപറഞ്ഞിരുന്നത്. ഇപ്പോള്‍ മറ്റൊരു കേന്ദ്രമന്ത്രി കൂടി ഈ നിലപാട് ആവര്‍ത്തിച്ച സ്ഥിതിക്ക് അതിനായുള്ള അരങ്ങ് ഒരുങ്ങി കഴിഞ്ഞു എന്നു തന്നെ കരുതണം.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലന്ന് രാജ്യത്ത് ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്.കേരള നിയമസഭ പാസാക്കിയ ആ പ്രമേയം പിന്നീട് പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങള്‍ക്കും പാസാക്കേണ്ടി വന്നു എന്നതും നാം കണ്ട യാഥാര്‍ത്ഥ്യമാണ്. അതു പോലെ തന്നെ സിഎഎയ്ക്ക് എതിരെ രാജ്യത്ത് ഏറ്റവും അധികം ജനങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം നടന്നതും കേരളത്തിലാണ്. അത് നടത്തിയതാകട്ടെ ഇടതു പാര്‍ട്ടികളുമാണ്. മനുഷ്യ മഹാശ്യംഖല തീര്‍ത്താണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷം പോരാടിയിരുന്നത്.

ഇതിനു പുറമെ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും യു.പിയിലും ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വലിയ പ്രക്ഷോഭമാണ് എസ്.എഫ്‌ഐയും ഡി.വൈഎഫ്.ഐയും നടത്തിയിരുന്നത്. ഡല്‍ഹി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന്റെ തല അടിച്ച് പൊട്ടിച്ചതും കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിച്ചതിനാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് തല്‍ക്കാലം പിന്‍വാങ്ങിയ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വീണ്ടും ആ നിയമം നടപ്പാക്കാന്‍ മുന്നോട്ടു വരുമ്പോള്‍ ചെറുത്ത് നില്‍പ്പും ശക്തമാകാനാണ് സാധ്യത.

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതിന് അനുകൂലമാക്കാന്‍ വീണ്ടുമൊരു പ്രക്ഷോഭം വഴിയൊരുക്കും. അതിനുള്ള സാധ്യത തന്നെയാണ് ഇപ്പോള്‍ തെളിയുന്നത്. അയോദ്ധ്യ വിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ്സ് സിഎഎ വിഷയത്തിലും ഇരട്ടതാപ്പ് നയം തുടര്‍ന്നാല്‍ വലിയ വിലയാണ് നല്‍കേണ്ടി വരിക. കേന്ദ്ര സര്‍ക്കാറിനെതിരെ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന നിയമത്തിന്റെ കാര്യത്തിലും ‘ന്യായത്തിന്റെ’ ഭാഗത്ത് നിന്നും പോരാടന്‍ തയ്യാറുണ്ടോ എന്നതും വ്യക്തമാക്കേണ്ടതുണ്ട്. സി.എ.എയ്ക്ക് എതിരെയാണ് കോണ്‍ഗ്രസ്സ് നിലപാടെങ്കില്‍ ഭാരത് ജോഡോ യാത്രയിലെ പ്രധാന മുദ്രാവാക്യം തന്നെ അതാക്കി മാറ്റുകയാണ് വേണ്ടത്. അതല്ലെങ്കില്‍ ഒരു നാണയത്തിന്റെ രണ്ടു വശമായി മാത്രമേ ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും വിലയിരുത്താന്‍ സാധിക്കുകയൊള്ളൂ.

EXPRESS KERALA VIEW

Top