പ്രശംസകള്‍ക്ക് പിന്നാലെ വിവാദത്തില്‍ അകപ്പെട്ട് പോപ്പ് താരം ടെയ്ലര്‍ സ്വിഫ്റ്റ്

ഗ്രാമി പുരസ്‌കാര വേദിയില്‍ തിളങ്ങി നിന്ന പോപ്പ് താരം ടെയ്ലര്‍ സ്വിഫ്റ്റ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ്. ഇപ്പോഴിതാ പ്രൈവറ്റ് ജെറ്റുമായി ബന്ധപ്പെട്ട വിവാദത്തിലും അകപ്പെട്ടിരിക്കുകയാണ് താരം. ഇതിന് പിന്നാലെ തന്റെ സ്വകാര്യ ജെറ്റുകളിലൊന്ന് ടെയ്ലര്‍ സ്വിഫ്റ്റ് വില്‍ക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിനിറ്റുകള്‍ മാത്രമെടുക്കുന്ന യാത്രകള്‍ക്ക്പോലും പോപ്പ് താരം സ്വകാര്യ ജെറ്റാണ് ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. പ്രശസ്തരുടേയും സമ്പന്നരുടേയും സ്വകാര്യ വിമാനങ്ങള്‍ ട്രാക്ക് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ ജാക്ക് സ്വീനിയാണ് ടെയ്ലര്‍ സ്വിഫ്റ്റിന്റെ ജെറ്റ് ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 30 മിനിറ്റ് മാത്രം കാറില്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലത്തേക്ക് ടെയ്ലര്‍ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യാറുണ്ടെന്ന് ജാക്ക് സ്വീന്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ 21-കാരനെതിരെ സ്വിഫ്റ്റിന്റെ ലീഗല്‍ ടീം പരാതി നല്‍കിയിരുന്നു. മാനസികമായി സ്വിഫ്റ്റിന് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ സ്വീനിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ലീഗല്‍ ടീം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വിഫ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങളുയര്‍ന്നു. താരത്തിന്റെ ആഡംബര ജീവിതവും അനാവശ്യ ധൂര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സ്വകാര്യ ജെറ്റുകളുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണവും ചര്‍ച്ചാവിഷയമായി. സാധാരണ വിമാനങ്ങളേക്കാള്‍ അഞ്ച് മുതല്‍ 14 മടങ്ങ് വരേയും തീവണ്ടികളേക്കാള്‍ 50 മടങ്ങ് കൂടുതലും മലിനീകരണം പ്രൈവറ്റ് ജെറ്റുകളുണ്ടാക്കുമെന്ന 2023-ലെ ട്രാന്‍സ്പോര്‍ട്ട് ആന്റ് എന്‍വയോര്‍ണമെന്റിന്റെ റിപ്പോര്‍ട്ടും ആളുകള്‍ ചൂണ്ടിക്കാട്ടി. ഇതോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ടെയ്ലര്‍ സ്വിഫ്റ്റ് പ്രൈവറ്റ് ജെറ്റ് വില്‍ക്കുകയായിരുന്നു.

രണ്ട് സ്വകാര്യ ജെറ്റുകളാണ് താരത്തിനുള്ളത്. ഇതില്‍ ചെറിയ ജെറ്റായ ഡസോള്‍ട്ട് ഫാല്‍ക്കണ്‍ 900എല്‍എക്സ് ആണ് വിറ്റത്. മിസോറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ ഷീല്‍ഡ് എന്ന കാര്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് വിമാനം വിറ്റതെന്ന് അന്തരാഷ്ട്രാ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2011-ല്‍ 331 കോടി രൂപ ചെലവഴിച്ചാണ് ഈ വിമാനം വാങ്ങിയത്. എന്നാലിപ്പോള്‍ ഇതിന് 58 കോടി രൂപയുടെ മൂല്യമേയുള്ളൂവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഡസോള്‍ട്ട് ഫാല്‍ക്കണ്‍ 7എക്സ് എന്ന വലിയ വിമാനവും ടെയ്ലര്‍ സ്വിഫ്റ്റിന്റെ ശേഖരത്തിലുണ്ട്. 448 കോടി രൂപയ്ക്ക് വാങ്ങിയ ഈ വിമാനമാണ് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് താരം ഉപയോഗിക്കുന്നത്.

Top