യുഡിഎഫിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി തികച്ചും ഏകപക്ഷീയമായാണ് വിധി പറഞ്ഞു; കെ ടി ജലീല്‍

കൊച്ചി :ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ലോകായുക്തയെ വെല്ലുവിളിച്ച് കെ ടി ജലീല്‍. ലോകായുക്ത സിറിയക് ജോസഫിനോട് 2022ല്‍ തനിക്കെതിരെയുള്ള വിധിയെ സംബന്ധിച്ച് പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്ന് കെ ടി ജലീല്‍ ചോദിച്ചു. യുഡിഎഫിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി തികച്ചും ഏകപക്ഷീയമായാണ് വിധി പറഞ്ഞതെന്ന് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലോകായുക്തയ്ക്ക് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് കെ ടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റ്. സിറിയക് ജോസഫിനെപോലെ നീതിബോധം തൊട്ടുതീണ്ടാത്തവര്‍ ”ന്യായാധിപന്‍” എന്ന വാക്കിനാല്‍ അഭിസംബോധന ചെയ്യപ്പെടാന്‍ പോലും അര്‍ഹനല്ലെന്ന് ജലീല്‍ പറയുന്നു. മറ്റു പലര്‍ക്കെതിരെയും ലോകായുക്തയില്‍ ഹര്‍ജികള്‍ വന്നപ്പോള്‍ അവര്‍ക്കൊക്കെ നോട്ടീസ് അയച്ച് അവരെ കേള്‍ക്കാന്‍ വിശാലമനസ്‌കത കാണിച്ച ലോകായുക്ത ജസ്റ്റിസ് തനിക്കുമാത്രം ആ മാനുഷിക നീതി നിഷേധിച്ചത് എന്തുകൊണ്ടാണെന്നും ജലീല്‍ ചോദിക്കുന്നു.

ഒരു സാധാരണ പൊതുപ്രവര്‍ത്തകനെ രാഷ്ട്രീയമായി ഇല്ലാതാക്കാനല്ലാതെ മറ്റെന്തിനായിരുന്നു തിരഞ്ഞെടുപ്പ് സമയം നോക്കി ധൃതിപിടിച്ച് തട്ടിക്കൂട്ടിയ പ്രമാദമായ ആ വിധിയെന്നും അദ്ദേഹം ചോദിച്ചു. താങ്കള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ത്തപ്പെട്ട ആരോപണങ്ങളെല്ലാം നൂറ്റൊന്ന് ശതമാനം വസ്തുതകളാണെന്ന് ആരെക്കാളുമധികം താങ്കള്‍ക്കറിയാമെന്നും അതുകൊണ്ടല്ലേ മൗനം കൊണ്ടുള്ള ഓട്ടയടക്കല്‍ എന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top