ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും പ്രതാപം ഇല്ലാതാകും; കെ.സി.ആര്‍

ഹൈദരാബാദ്: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രതാപം രാജ്യത്ത് ഇല്ലാതാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഇതോടെ കേന്ദ്രത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിസാമാബാദിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് നിരവധി പദ്ധതികള്‍ നിഷേധിച്ചുകൊണ്ട് ഇരു പാര്‍ട്ടികളും പകപോക്കലിന്റെ രാഷ്ട്രീയം കളിക്കുകയാണ്. 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി 157 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോള്‍ ഒരെണ്ണം പോലും തെലങ്കാനയ്ക്ക് നല്‍കിയില്ല. ഓരോ ജില്ലയ്ക്കും ഒരു നവോദയ സ്‌കൂള്‍ നല്‍കണമെന്ന് നിയമമുണ്ട്. എന്നാല്‍, ഇക്കാര്യത്തിലും കേന്ദ്രം സംസ്ഥാനത്തിനെ തഴഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബി.ആര്‍.എസിന് പിന്തുണ നല്‍കണമെന്ന് കെ.സി.ആര്‍ ആവശ്യപ്പെട്ടു. എല്ലാ സീറ്റുകളിലും വിജയിക്കുന്നത് സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വിലപേശല്‍ ശേഷി പാര്‍ട്ടിക്ക് നല്‍കും.

ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി തെലങ്കാനയെ ആന്ധ്രയുമായി ലയിപ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കുടിവെള്ളം മുതല്‍ തൊഴില്‍ വരെയുള്ള വിഷയങ്ങളില്‍ ആന്ധ്രയിലെ ഭരണാധികാരികള്‍ മേഖലയോട് അനീതി കാട്ടി. സംസ്ഥാന രൂപീകരണത്തിന് പിന്നാലെ പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ തെലങ്കാന രാജ്യത്ത് 19-ാം സ്ഥാനത്തായിരുന്നു. എന്നാല്‍, ഇന്ന് ഇക്കാര്യത്തില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്.

മുസ്ലിം സമുദായത്തെ എല്ലാ കാലത്തും വഞ്ചിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സമുദായത്തെ വെറും വോട്ട് ബാങ്കായി മാത്രമാണ് പാര്‍ട്ടി കണ്ടത്. കോണ്‍ഗ്രസ് ഭരണകാലത്താണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും കെ.സി.ആര്‍ ജനങ്ങളെ ഓര്‍മിപ്പിച്ചു.

Top