ചരിത്ര കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്

സിംഗപ്പൂര്‍ : ലോക രാജ്യങ്ങള്‍ ഉറ്റുനോക്കിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുടര്‍ ചര്‍ച്ചകള്‍ക്കായാണ് കിമ്മിനെ അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷമായിരുന്നു ക്ഷണം. കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയും അമേരിക്കയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു.

കൂടിക്കാഴ്ചയോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടര്‍ന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നില്‍ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉന്‍ പറഞ്ഞു. സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങള്‍ മറികടക്കും. മുന്‍കാലങ്ങളിലെ മുന്‍വിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നതെന്നും അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നതെന്നും കിം വ്യക്തമാക്കി.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി റി യോങ് ഹോ, യുഎസുമായുള്ള ചര്‍ച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോല്‍ എന്നിവരാണ് കിമ്മിനൊപ്പം ചര്‍ച്ചയ്‌ക്കെത്തിയത്. ട്രംപിനൊപ്പമെത്തിയത് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് എന്നിവരുമാണ്.

Top