ഐപിഎല്ലിൽ ആദ്യറൗണ്ട് പിന്നിടുമ്പോള്‍ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‍ ഒന്നാമത്

മുംബൈ: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തോടെ അവസാനിച്ചു. സീസണില്‍ അഞ്ച് ടീമുകള്‍ വിജയത്തുടക്കമിട്ടപ്പോള്‍ മറ്റ് അഞ്ച് ടീമുകള്‍ക്ക് തോറ്റ് തുടങ്ങി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 72 റണ്‍സിന് തോല്‍പ്പിച്ച സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ആണ് ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം.

അഞ്ച് ടീമുകള്‍ക്ക് രണ്ട് പോയന്റ്‌ വീതമുണ്ടെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പോയന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കെ എല്‍ രാഹുലിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. റണ്‍റേറ്റില്‍ മൂന്നാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് പോയന്റ്‌ പട്ടികയില്‍ മൂന്നാമത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് പോയന്റ്‌ പട്ടികയില്‍ നാലാമതും ശിഖര്‍ ധവാന്റെ പഞ്ചാബ് കിംഗ്സ് അഞ്ചാമതുമാണ്.

തോറ്റ് തുടങ്ങിയ അഞ്ച് ടീമുകളില്‍ കൊല്‍ക്കത്ത ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ചെന്നൈ ഏഴാമതും മുംബൈ എട്ടാമതും ഡല്‍ഹി ഒമ്പതാമതുമാണ്. രാജസ്ഥാനെതിരെ കനത്ത തോല്‍വി വഴങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് അവസാന സ്ഥാനത്ത്.

ആദ്യ മത്സരത്തില്‍ കൈയകലെ സെഞ്ചുറി നഷ്ടമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ റുതുരാജ് ഗെയ്ക്‌വാദിന്റെ തലയിലാണ് റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്. 92 റണ്‍സാണ് റുതരാജ് ആദ്യ മത്സരത്തില്‍ അടിച്ചെടുത്തത്. ഇന്ന് ലഖ്നൗവിനെതിരെ തിളങ്ങിയാല്‍ റുതരാജിന് ഓറഞ്ച് ക്യാപ് തലയില്‍ ഉറപ്പിക്കാം. 84 റണ്‍സടിച്ച മുംബൈയുടെ തിലക് വര്‍മ രണ്ടാമതും 82 റണ്‍സടിച്ച വിരാട് കോലി മൂന്നാമതുമുണ്ട്.

ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് താരം മാര്‍ക്ക് വുഡിന്റെ തലയിലാണ് വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്. 14 റണ്‍സ് മാത്രം വഴങ്ങിയാണ് മാര്‍ക്ക് വുഡ് അഞ്ച് വിക്കറ്റെടുത്തത്. നാലു വിക്കറ്റുമായി രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്‌വേന്ദ്ര ചാഹലാണ് രണ്ടാം സ്ഥാനത്ത്.

Top