തോല്‍വിക്ക് പിറകേ ഇന്ത്യൻ മാധ്യമപ്രവര്‍ത്തകനോട് കയർത്ത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. മാധ്യമപ്രവർത്തകനറെ ഫോണും പിടിച്ചു വാങ്ങിയിരുന്നു. പാകിസ്തനെതിരെയുള്ള ആവേശപോരാട്ടത്തിൽ 23 റണ്‍സിന്റെ വിജയമാണ് ശ്രീലങ്ക നേടിയത് . 171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ 147 റൺസിലൊതുക്കിയാണ് ലങ്ക കിരീടം പിടിച്ചുവാങ്ങിയത്.

പാകിസ്താന്റെ തോല്‍വിക്ക് ശേഷം സ്റ്റേഡിയം വിടുമ്പോഴാണ് റമീസ് രാജയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞത്. ഇതിനിടെയാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് റമീസ് രാജ കയര്‍ത്തത്. പാകിസ്താന്റെ പരാജയത്തില്‍ നിരാശരായ സാധാരാണക്കാരോട് എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് റമീസ് രാജയെ ചൊടിപ്പിച്ചത്. ‘നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ’ എന്ന് ചോദിച്ച് കയര്‍ത്ത റമീസ് രാജ ‘നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായിക്കാണുമല്ലോ’ എന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫോണ്‍ തിരിച്ചു നല്‍കിയ റമീസ് മാധ്യമ പ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല.

പാകിസ്താന്റെ തോല്‍വി സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ആരാധകരെയും വലിയ നിരാശയിലേക്കാണ് തള്ളിയിട്ടത്. പാകിസ്​താന്റെ ദയനീയ പരാജയം ക്ഷണിച്ചു വരുത്തിയ ഒന്നാണെന്ന അഭിപ്രായമാണ്​ ആരാധകർക്കുള്ളത്​. പലരും രോഷത്തോടെയാണ്​ ടീമി​നെതി​രെ പ്രതികരിച്ചത്. പാക്​ ടീമിൽ അടിമുടി മാറ്റം അനിവാര്യമാണെന്നും ആരാധകർ നിർദേശിക്കുന്നു. ശ്രീലങ്കൻ ജയം ആധികാരികമാണെന്ന്​ ഇന്ത്യൻ ആരാധകരും സാക്ഷ്യപ്പെടുത്തുന്നു.

Top