കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് മറ്റന്നാള്‍ നടക്കുന്ന നവകേരള സദസ്സിന്റെ സമയത്തില്‍ മാറ്റം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് മറ്റന്നാള്‍ നടക്കുന്ന നവകേരള സദസ്സിന്റെ സമയത്തില്‍ മാറ്റം. ഞായറാഴ്ച ആദ്യ സദസ്സ് പെരുമ്പാവൂരില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. ഉച്ചവരെ നവകേരള സദസ്സ് ഇല്ല. പ്രഭാതയോഗവും വാര്‍ത്താ സമ്മേളനവും ഉണ്ടാകില്ല. രാവിലെ പതിനൊന്ന് മണിക്ക് കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനാലാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.

നാളെ നടക്കുന്ന നവകേരള സദസ്സിന് മാറ്റമില്ല. നാളെ പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ നവകേരള സദസ്സ് നടക്കും. ഇന്ന് അങ്കമാലി, ആലുവ, പറവൂര്‍ എന്നിവിടങ്ങളിലായിരുന്നു നവകേരള സദസ്സ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ് തുടങ്ങിയ മന്ത്രിമാരും കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം കാണാനായി കൊച്ചി അമൃത ആശുപത്രിയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു.

മന്ത്രിമാരായ പി പ്രസാദ്, ജി ആര്‍ അനില്‍, ചിഞ്ചുറാണി, കെ രാജന്‍ എന്നിവര്‍ കാനം രാജേന്ദ്രന്റെ സംസ്‌കാരം കഴിയുന്നത് വരെ നവകേരള സദസ്സില്‍ പങ്കെടുക്കില്ല. സംസ്‌കാരം വരെ മന്ത്രിമാര്‍ മൃതദേഹത്തിനൊപ്പം ഉണ്ടാകും. ജി ആര്‍ അനിലും ചിഞ്ചുറാണിയും തിരുവനന്തപുരത്തേക്ക് തിരിച്ചു. പി പ്രസാദ്, കെ രാജന്‍ എന്നീ മന്ത്രിമാര്‍ നാളെ കാനത്തിന്റെ മൃതദേഹത്തിനൊപ്പം തിരുവനന്തപുരത്തേക്ക് പോകും. ഹെലികോപ്റ്റര്‍ മാര്‍?ഗമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കുക.തിരുവനന്തപുരത്ത് എത്തിക്കുന്ന കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ ഉച്ചക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു. വാഴൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.

Top