രാഷ്ട്രീയം കാണേണ്ട കാര്യമില്ല; കോണ്‍ഗ്രസ്സിന് പിന്നാലെ വനിത ലീഗ് നേതാവും നവകേരള സദസ്സിന്റെ ഭാഗമായി

പാലക്കാട്: ജില്ലയിലെ നവകേരള സദസ്സിന്റെ പ്രഭാതഭക്ഷണ യോഗത്തില്‍ പങ്കെടുത്ത് മുന്‍ വനിത ലീഗ് നേതാവും. മണ്ണാര്‍ക്കാട് മുന്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണും, വനിത ലീഗ് നേതാവുമായിരുന്ന എം കെ സുബൈദയാണ് നവകേരള സദസ്സിന്റെ പ്രഭാതഭക്ഷണ യോഗത്തില്‍ പങ്കെടുത്തത്.

വികസനകാര്യത്തില്‍ മുഖ്യമന്ത്രിയ്ക്ക് പിന്തുണ നല്‍കാനാണ് ചടങ്ങിനെത്തിയതെന്ന് സുബൈദ വ്യക്തമാക്കി. നാടിന്റെ വികസനത്തില്‍ പങ്കാളിയാകുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇതില്‍ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ല. ഇപ്പോഴും ലീഗിന്റെ ഭാഗമാണ് എന്നും സുബൈദ വ്യക്തമാക്കി.

നാടിന്റെ വികസനകാര്യം ബഹിഷ്‌കരിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയത്, അത് കൊണ്ടാണ് പങ്കെടുത്തത്. നടപടി വരുമോയെന്ന കാര്യത്തില്‍ പേടിയില്ലെന്നും സുബൈദ പ്രതികരിച്ചു. ചടങ്ങില്‍ പങ്കെടുത്തതിന് നേതൃത്വത്തില്‍ നിന്ന് ഉണ്ടാവുന്ന നടപടിയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സുബൈദ പറഞ്ഞു.

Top