പൗരത്വ നിയമ ഭേദഗതി സമരത്തിനു ശേഷം, വീണ്ടും കേന്ദ്ര സർക്കാറിനെ ‘വെള്ളം കുടിപ്പിച്ച്’ എസ്.എഫ്.ഐ !

കേരളത്തിലെ ഭരണ തുടർച്ചക്കു കാരണം പരമ്പരാഗതമായി യു.ഡി.എഫിന് വോട്ടു ചെയ്തിരുന്ന ന്യൂപക്ഷ ജനവിഭാഗങ്ങൾ ഇടതുപക്ഷത്തോട് അടുത്തത് കൊണ്ടാണെന്ന് വിലപിക്കുന്ന യു.ഡി.എഫ് നേതാക്കൾ എന്തു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നതും ഒന്നു വിലയിരുത്തുന്നതു നല്ലതാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെ ഒപ്പം നിർത്തി തന്നെയാണ് വലിയ തോതിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്തുണ ഇടതുപക്ഷം ആർജിച്ചിരിക്കുന്നത്. അതിന് ഇടതുപക്ഷത്തെ പ്രാപ്തരാക്കിയത് ജാതിക്കും – മതത്തിനും അതീതമായ ശക്തമായ നിലപാടുകളാണ്. ഇക്കാര്യത്തിൽ സി.പി.എമ്മും അതിന്റെ വർഗ്ഗ ബഹുജന സംഘടനകളായ എസ്.എഫ്.ഐ യും ഡി.വൈ.എഫ്.ഐയും വഹിച്ചിരിക്കുന്ന പങ്കും വളരെ വലുതാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയർന്നു വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചിരിക്കുന്നത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമാണ്. കേന്ദ്ര സർക്കാറിനെതിരെ പടനയിച്ച ഡൽഹി ജവഹർലാൽ നെഹറു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർ പേഴ്സണും എസ്.എഫ് ഐ നേതാവുമായ ഐഷി ഘോഷിനും സംഘത്തിനും നേരിടേണ്ടി വന്ന ആക്രമണം സമാനതകളില്ലാത്തതായിരുന്നു. അന്ന് ഡി.വൈ.എഫ് ഐ അഖിലേന്ത്യാ അദ്ധ്യക്ഷനായിരുന്ന മുഹമ്മദ് റിയാസിനെയും പ്രവർത്തകരെയും ഡൽഹി പൊലീസും മുംബൈ പൊലീസും അറസ്റ്റ് ചെയ്തതും തുടർന്ന് സമരം കൂടുതൽ ശക്തമായതും ഈ രാജ്യം കണ്ടതാണ്.

രാജ്യത്ത് ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമം പാസാക്കിയതും കേരള നിയമസഭയാണ്. സാക്ഷാൽ മമത ബാനർജിയുടെ ബംഗാളിലും കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇക്കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വന്നതും പിണറായി സർക്കാർ എടുത്ത ചങ്കുറപ്പുള്ള ആ തീരുമാനത്തിന്റെ പരിണിത ഫലമാണ്. മാത്രമല്ല പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഏറ്റവും അധികം ജനങ്ങൾ പക്കെടുത്ത പ്രതിഷേധം നടന്നതും ഇടതുപക്ഷം ഭരിക്കുന്ന ഈ കേരളത്തിൽ തന്നെയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇടതുപക്ഷം തീർത്ത മനുഷ്യ ശ്യംഖലയിൽ 70 ലക്ഷം പേരാണ് പങ്കെടുത്തിരുന്നത്. ഇത്തരമൊരു പ്രതിഷേധം ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റി എന്നതും ഒരു യാഥാർത്ഥ്യമാണ്.

മനുഷ്യ ശ്യംഖലയിൽ പങ്കെടുത്ത ലീഗ് നേതാവിനെ ആ പാർട്ടി പുറത്താക്കുക കൂടി ചെയ്തതോടെ മുസ്ലീം ലീഗിന്റെ മുഖമൂടിയാണ് അഴിഞ്ഞു വീണിരുന്നത്. ലീഗ് വോട്ട് ബാങ്കായ സമസ്ത ഉൾപ്പെടെ വലിയ ഒരു വിഭാഗമാണ് ഇടതുപക്ഷം തീർത്ത ജനകീയ ശ്യംഖലയിൽ കൈ കോർത്തിരുന്നത്. ഇതോടെ വെട്ടിലായ യു.ഡി.എഫ് നേതൃത്വം പിന്നീട് ”മനുഷ്യ ഭൂപടവുമായി” രംഗത്തു വന്നിരുന്നു എങ്കിലും ഇടതു പ്രതിഷേധവുമായി താരതമ്യപ്പെടുത്തുമ്പോൾ അതു വെറും ‘പടമായി’ തന്നെയാണ് മാറിയിരുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധവും മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘപരിവാർ നിരന്തരം ഏറ്റുമുട്ടിയതുമെല്ലാം ഇടതുപക്ഷത്തിനോട് ന്യൂനപക്ഷ വിഭാഗങ്ങളുടെ അടുപ്പം വർദ്ധിക്കാൻ പ്രധാനകാരണമാണ്. ഇതോടൊപ്പം ഒന്നാം പിണറായി സർക്കാർ കാഴ്ചവച്ച മികച്ച ഭരണം കൂടി ആയപ്പോൾ ചരിത്രമാണ് ഇടതുപക്ഷത്തിനു മുന്നിൽ വഴി മാറിയിരുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു ശേഷം കേന്ദ്ര സർക്കാർ നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളിയാണ് ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിലൂടെ ഇപ്പോൾ സംഭവിക്കുന്നത്. ഈ പ്രതിഷേധത്തിന്റെ മുന്നണിപ്പോരാളികളും ഇടതുപക്ഷ സംഘടനകൾ തന്നെയാണ്. ഡൽഹി ജെ എൻ.യു കാമ്പസിൽ അധികൃതരുടെ വിലക്ക് ലംഘിച്ച് വിവാദ ഡോക്യുമെന്ററി കണ്ട വിദ്യാർത്ഥികൾക്കു നേരെ നടന്ന ആക്രമണം വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. എസ്.എഫ് ഐ നേതാവ് ഐഷി ഘോഷിന്റെ നേതൃത്വൽ തന്നെയാണ് ഈ സംഭവത്തിലും വിദ്യാർത്ഥികൾ പോർമുഖം തുറന്നിരിക്കുന്നത്.

ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലും ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുളള തീരുമാനം സംഘർഷത്തിനിടയാക്കി. എസ്.എഫ് ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യവുമുണ്ടായി. ഈ പ്രതിഷേധങ്ങളെല്ലാം ഇന്ത്യാടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമക്കളിൽ വലിയ വാർത്തയാണ്. എല്ലാ ചർച്ചകളിലും ഏറെയും നിറഞ്ഞു നിൽക്കുന്നത് എസ്.എഫ്.ഐ തന്നെയാണ്. കോൺഗ്രസ്സ് ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ അമ്പരപ്പോടെയാണ് ഇതെല്ലാം വീക്ഷിക്കുന്നത്.

കേരളത്തിലും സംഘപരിവാർ എതീർപ്പ് വകവയ്ക്കാതെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി എസ്.എഫ്.ഐക്കൊപ്പം ഡി.വൈ.എഫ്.യും മുന്നോട്ടു പോകുകയാണ്. ഇതാകട്ടെ പലയിടത്തും സംഘർഷത്തിനും കാരണമായിട്ടുണ്ട്. കേരളത്തിലെ കാമ്പസുകളിലും തെരുവുകളിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമായി ബി.ബി.സി ഡോക്യുമെന്ററി മാറിയതോടെ യു.ഡി.എഫ് സംഘടനകളും ഇപ്പോൾ പ്രദർശനവുമായി രംഗത്തു വന്നിട്ടുണ്ട്.

എന്നാൽ മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകനും കോൺഗ്രസ്സിന്റെ മീഡിയ കൺവീനറുമായ അനിൽ ആന്റണി വിഷയത്തിൽ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതോടെ യു.ഡി.എഫ് നേതൃത്വം ശരിക്കും വെട്ടിലായിട്ടുണ്ട്. എ.കെ. ആന്റണിയുടെ മൗനവും ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. അനിൽ ആന്റണിയുടെ നിലപാട് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയതോടെ കേരളത്തിൽ ഇതും ഇടതുപക്ഷത്തിനാണ് ആത്യന്തികമായി ഗുണം ചെയ്തിരിക്കുന്നത്.

രാജ്യത്തിനകത്തു മാത്രമല്ല വിദേശ രാജ്യങ്ങളിലും ബി.ബി.സി യുടെ വിവാദ ഡോക്യുമെന്ററിയായ “ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഇപ്പോൾ വലിയ ചർച്ചയാണ്. ഡോക്യുമെന്ററിയുടെ ഒരുമണിക്കൂർ വരുന്ന ആദ്യഭാഗം ജനുവരി 17-നാണ് ബി.ബി.സി. പുറത്തുവിട്ടിരുന്നത്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുള്ളതായാണ് ഡോക്യുമെന്ററി ആരോപിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ രേഖകളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി നിർമിച്ചതെന്ന് ബി.ബി.സി അധികൃതരും വിശദീകരിക്കുന്നുണ്ട്.

അതേസമയം ബി.ബി.സി. നിരാകരിക്കപ്പെട്ട ആഖ്യാനം കുത്തിപ്പൊക്കുകയാണെന്നും കൊളോണിയൽ മനോഭാവത്തിന്റെ തുടർച്ച പ്രതിഫലിക്കുന്നതാണ് ഇതെന്നുമാണ് കേന്ദ്ര സർക്കാർ വാദിക്കുനത്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കംചെയ്യാൻ യുട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് പ്രതിപക്ഷ സംഘടനകൾ ഇപ്പോഴും മുന്നോട്ട് പോകുന്നത്.

EXPRESS KERALA VIEW

Top