മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാര്‍ക്കും പുതിയ കാറുകള്‍ വാങ്ങാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ സംസ്ഥാന മന്ത്രിസഭയിലെ മറ്റു മന്ത്രിമാര്‍ക്കുവേണ്ടിയും പുതിയ കാറുകള്‍ വാങ്ങാൻ തീരുമാനിച്ചു. പുതിയ പത്ത് കാറുകള്‍ വാങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ 3.22 കോടി രൂപ അനുവദിച്ചു.

പുതുതായി വാങ്ങുന്നത് ടൊയോട്ട ഇന്നോവ ക്രിസറ്റ കാറുകളാണ്. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് നിലവിലെ വാഹനങ്ങള്‍ അപര്യാപ്തമായതിനാലാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ പഴയ വാഹനം കണ്ടം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഡല്‍ഹിയില്‍ ഉപയോഗിക്കാനായി രണ്ട് ഇന്നോവ ക്രിസ്റ്റ കഴിഞ്ഞമാസം വാങ്ങിയിരുന്നു. 72 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഇതിനുമുമ്പ് മുഖ്യമന്ത്രിക്ക് കേരളത്തില്‍ ഉപയോഗിക്കാന്‍ നാല് ഇന്നോവ ക്രിസ്റ്റയും വാങ്ങിയിരുന്നു.

Top