രാജസ്ഥാനിലും മധ്യപ്രദേശിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി

ഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച വിമത നീക്കങ്ങളില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. ദേശിയ നേതൃത്വം സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. എത്രയും വേഗം സമവായം ഉണ്ടാക്കാനാണ് നിര്‍ദേശം.

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും പ്രതിഷേധമുണ്ടായിരുന്നു. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാനില്‍ ബിജെപി പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു. ചിത്തോര്‍ഗഢ്, രാജ്സാമണ്ഡ്, ബൂന്ധി, ആല്‍വര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്.

ആദ്യഘട്ടത്തില്‍ 41 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയപ്പോഴും അര ഡസനിലോളം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് 81 സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കിയത്. പാര്‍ട്ടി അധ്യക്ഷന്‍ സി പി ജോഷിക്കെതിരെ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ ചിത്തോര്‍ഗഢില്‍ പ്രതിഷേധം കനക്കുകയാണ്. അവിടെ സിറ്റിംഗ് എംഎല്‍എയായ ചന്ദ്രഭന്‍ സിംഗിനെ മാറ്റി മറ്റൊരു സീറ്റിംഗ് എംഎല്‍എയായ നര്‍പത് സിംഗ് രജ്വിക്ക് സീറ്റ് നല്‍കിയതിനെതിരെയാണ് പ്രതിഷേധം നടത്തിയത്. സി പി ജോഷിക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ പ്രകടനവും സംഘടിപ്പിച്ചിരുന്നു.

 

Top