‘തല്ലുമാല’ക്ക് ശേഷം ആഷിഖ് ഉസ്മാൻ നിര്‍മ്മിക്കുന്ന ‘അയല്‍വാശി’ ഉടന്‍ തിയറ്ററുകളിലേക്ക്

സൗബിൻ ഷാഹിർ, ബിനുപപ്പു, നസ്‍ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന അയൽവാശി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് അയൽവാശി നിർമ്മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.

ഫാമിലി കോമഡി എന്റര്‍ടെയ്നര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രമാണിത്. നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു. സൗബിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിനു പപ്പു, കോട്ടയം നസീര്‍, നിഖില വിമല്‍, ഗോകുലന്‍, നസ്‍ലെന്‍, ലിജോമോള്‍ എന്നിവരൊക്കെ പുറത്തെത്തിയ പോസ്റ്ററില്‍ ഉണ്ട്. പൃഥ്വിരാജ് സുകുമാരനാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്.

സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും അയൽവാശി എന്ന ചിത്രത്തിന് ഉണ്ട്. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്‍ലെനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ് പ്രഭു, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം ജേക്സ് ബിജോയ് ആണ്. എഡിറ്റിം​ഗ് സിദ്ദിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, പി ആർ ഒ എ എസ് ദിനേശ്, മീഡിയ പ്രെമോഷൻ സീതാലക്ഷ്മി, മാർക്കറ്റിങ് ആന്‍ഡ് മാർക്കറ്റിങ് പ്ലാൻ ഒബ്സ്‌ക്യുറ, ഡിസൈൻ യെല്ലോ ടൂത്ത്. ചിത്രം ഉടൻ തിയറ്ററുകളില്‍ എത്തും.

Top