കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ ഭരണം യൂണിയന്‍ നേതൃത്വം തിരിച്ചു പിടിച്ചു

ksrtc

തിരുവനന്തപുരം: തച്ചങ്കരിയെ പുറത്താക്കിയതിന് പുറകേ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളുടെ ഭരണം യൂണിയന്‍ നേതൃത്വം തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസം മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ടോമിന്‍ ജെ. തച്ചങ്കരിയെ നീക്കിയതിനു പിന്നാലെയാണ് സംഭവം.

ഇനിമുതല്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടത് അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം എന്ന് ഡിപ്പോ മേധാവിമാര്‍ക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി. വാക്കാലുള്ള നിര്‍ദ്ദേശത്തിനെ തുടര്‍ന്ന് അധിക ഡ്യൂട്ടി ബഹിഷ്‌കരിച്ചുതുടങ്ങി.

കെഎസ്ആര്‍ടിസി മേധാവിയായി എം.ജി. രാജമാണിക്യം എത്തിയപ്പോഴാണ് നേതാക്കളുടെ ഡിപ്പോഭരണം പൊളിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചത്. തുടര്‍ന്ന് തച്ചങ്കരി എത്തിയപ്പോള്‍ സംസ്ഥാന നേതാക്കളെത്തന്നെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. എന്നാല്‍ മുഖ്യമന്ത്രിയുടെ പിന്തുണയോടെ എത്തിയ തച്ചങ്കരിയുടെ ഈ നടപടി സംഘടനകളില്‍ മുറുമുറുപ്പുണ്ടാക്കി. ഭരണകക്ഷി സംഘടനകളുടെ പ്രസക്തി നഷ്ടമായതോടെ നേതാക്കളുടെ നിര്‍ദേശപ്രകാരം ഡ്യൂട്ടി വീതംവയ്ക്കുന്നതും ഷെഡ്യൂള്‍ ക്രമീകരിക്കുന്നതും നിര്‍ത്തി. നേതാക്കള്‍ക്ക് ശരീരികാദ്ധ്വാനം കുറഞ്ഞ ഡ്യൂട്ടി നല്‍കുന്നത് അവസാനിപ്പിച്ച് പകരം വരുമാനം അടിസ്ഥാനമാക്കി ഡ്യൂട്ടി വീതംവെച്ച് തുടങ്ങിയതോടെ നേതാക്കള്‍ പറഞ്ഞാല്‍ ഒന്നും നടക്കാതെയായി.

തച്ചങ്കരിയുടെ ഭരണ സമയത്ത് തൊഴിലാളി നേതാക്കളെ വകവയ്ക്കാത്തത് കൊണ്ട് മാസവരിയും അംഗത്വവും കുറയുന്നുവെന്നായിരുന്നു ഇടത് യൂണിയനുകളുടെ പ്രധാനപരാതി. പ്രമുഖ ഇടതുസംഘടനയ്ക്ക് മാസവരി നല്‍കുന്ന ജീവനക്കാരുടെ എണ്ണം 22,000-ല്‍നിന്ന് 15,000 ആയി കുറഞ്ഞിരുന്നു. എന്നാല്‍ തച്ചങ്കരി പുറത്തു പോയതോടെ യൂണിയനുകളുടെ നല്ലകാലം തിരിച്ചെത്തിയെന്ന് പാര്‍ട്ടി നേതൃത്വത്തെ ബോധിപ്പിക്കേണ്ട ബാധ്യതയാണ് നേതാക്കള്‍ക്കുള്ളത്. ഇതിന്റെ ആദ്യഘട്ടത്തില്‍ മാസവരി പിരിവ് ഊര്‍ജിതമാക്കാനാണ് നീക്കം. അതേസമയം നേതാക്കളുടെ ഭീഷണിക്കുവഴങ്ങി വീണ്ടും മാസവരി കൊടുക്കേണ്ട പേടിയിലാണ് ഇപ്പോള്‍ ജീവനക്കാര്‍.

Top