After Reghuram Rajan, Next target is Kejriwal, says Subhramanyan Swami

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷം തന്റെ അടുത്ത ലക്ഷ്യം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആണെന്ന് ബിജെപിയുടെ രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി.

ഇത്രയും കാലം താന്‍ രഘുറാം രാജന് പിറകെയായിരുന്നു അദ്ദേഹം പുറത്തു പോയെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

എന്‍ഡിഎംസി ഉദ്യോഗസ്ഥന്‍ എം.എം. ഖാന്റെ കൊലപാതകത്തില്‍ ബിജെപി എംപി മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന കേജ്രിവാളിന്റെ ആരോപണത്തിനെതിരെ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കവെയാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ സുബ്രഹ്മണ്യം സ്വാമി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. രണ്ടാംവട്ടം ഗവര്‍ണറാകാന്‍ ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം രാജന്‍ തന്നെ രംഗത്തെത്തിയിരുന്നു.

കേജ്രിവാള്‍ ജീവിതത്തില്‍ ഒരുപാട് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടന്നും പ്രകടനത്തില്‍ സംസാരിക്കവെ സ്വാമി ആരോപിച്ചു. ഐഐടിയില്‍ പഠിച്ചെന്ന് കെജ് രിവാള്‍ പലപ്പോഴും വലിയ അഭിമാനത്തോടെയാണ് പറയാറ്.

എന്നാല്‍ കേജ്‌രിവാളിന് എങ്ങനെയാണ് ഐഐടിയില്‍ അഡ്മിഷന്‍ ലഭിച്ചതെന്ന് എനിക്കറിയാം. അതെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

നേരത്തെ മഹേഷ് ഗിരിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണമെന്ന് കേജരിവാള്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കെജ്രിവാളിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നത്. എംപി ക്കെതിരായുള്ള പ്രസ്താവന പിന്‍വലിച്ച് കെജ്രിവാള്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

Top