After Punjab, Gujarat, Up assembly election CPMm aimed secular alliance

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കരുത്ത് കുറഞ്ഞെങ്കിലും ബിജെപി വിരുദ്ധ മുന്നണിക്ക് മുന്‍കൈ എടുക്കാന്‍ സിപിഎം മുന്നിട്ടിറങ്ങും.

പ്രതിപക്ഷ പാര്‍ട്ടി നേതൃത്വങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സമവായ ചര്‍ച്ചകള്‍ നടത്താനാണ് ആലോചിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പറ്റാവുന്ന സംസ്ഥാനങ്ങളില്‍ സഖ്യമായി മതേതര പാര്‍ട്ടികള്‍ മത്സരിക്കണമെന്നതാണ് യെച്ചൂരിയുടെയും സിപിഎമ്മിന്റെയും താല്‍പര്യം.

ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത് ജനറല്‍ സെക്രട്ടറിയായിരിക്കെ കിംങ് മേക്കറായി രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ച സാഹചര്യം ഇപ്പോള്‍ സിപിഎമ്മിന് ഇല്ലെങ്കിലും ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാതിരിക്കാനുള്ള ഒരു അവസരവും പാഴാക്കില്ലെന്നാണ് യെച്ചൂരി ചൂണ്ടിക്കാട്ടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയാണ് ഇക്കാര്യങ്ങളിലെല്ലാം അന്തിമ നിലപാട് സ്വീകരിക്കുകയെങ്കിലും യെച്ചൂരിയെ പോലുള്ള നേതാവ് മുന്നിട്ടിറങ്ങിയാലെ മതേതര ഐക്യം സാധ്യമാകു എന്ന നിലപാട് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പോലുമുണ്ട്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലാംയംസിങ് യാദവ്, ജെഡിയു നേതാവ് ലാലു പ്രസാദി യാദവ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങി സാക്ഷാല്‍ അരവിന്ദ് കെജ്‌രിവാള്‍ വരെ യെച്ചൂരിയുടെ സുഹൃത്ത് വലയത്തില്‍ പെട്ടവരാണ്.

സുര്‍ജിത്ത് ജനറല്‍ സെക്രട്ടറിയായിരിക്കെ കൂടെ മുന്നണി ചര്‍ച്ചകളില്‍ പങ്കെടുത്ത പരിചയവും കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായി അടുപ്പം പുലര്‍ത്തി വന്നിരുന്നതും യെച്ചൂരിയായിരുന്നു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമായും കേരളത്തില്‍ നിന്നാണ് സിപിഎം എംപിമാരെ പ്രതീക്ഷിക്കുന്നത്. ബംഗാളില്‍ നിന്ന് പരമാവധി 20 സീറ്റ് വരെയെങ്കിലും പിടിക്കണമെന്നതാണ് അജണ്ട. ഇതിനായി മതേതര പാര്‍ട്ടികളുമായി ധാരണ തുടര്‍ന്നേക്കും.

ചുരുങ്ങിയത് 30 മുതല്‍ 40 വരെയെങ്കിലും എംപിമാരെ നേടണമെന്നതാണ് സിപിഎം ആഗ്രഹിക്കുന്നത്. കേരളത്തില്‍ നിന്ന് ആകെയുള്ള 20ല്‍ 15 സീറ്റും ത്രിപുരയിലെ രണ്ട് സീറ്റുകള്‍ക്കും പുറമെ തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെയുടെയോ എഐഎഡിഎംകെയുടെയോ കൂടെ നിന്ന് 2 സീറ്റിലെങ്കിലും വിജയിക്കണമെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആഗ്രഹം.

ബംഗാളില്‍ നിന്ന് ആകെയുള്ള 42 സീറ്റില്‍ 20 സീറ്റ് ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിമോഹമാണെങ്കിലും 10-15 സീറ്റെങ്കിലും കുറഞ്ഞത് നേടണമെന്നതാണ് അജണ്ട.

മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഖ്യധാരാ പാര്‍ട്ടികളുമായി സഖ്യത്തിലായി ഏതാനും സീറ്റുകളിലും സിപിഎം നോട്ടമിടുന്നുണ്ട്.

ആംആദ്മി പാര്‍ട്ടിയുമായി പരമാവധി സ്ഥലങ്ങളില്‍ യോജിപ്പിലെത്താന്‍ കഴിയുമോ എന്ന കാര്യം ഗൗരവമായി തന്നെ പരിശോധിക്കുമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം പറയുന്നത്.

Top