പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിന് പിന്നാലെ മമതാ ബാനര്‍ജിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് മൂന്നുവട്ടം

ഡൽഹി: അറസ്റ്റിലായതിന് പിന്നാലെ പശ്ചിമബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മൂന്നുതവണ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്. പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് മെമ്മോയിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ മൂന്നുതവണ വിളിച്ചിട്ടും മുഖ്യമന്ത്രി മമതാ ബാനര്‍ജി മന്ത്രിയുടെ ഫോണെടുത്തില്ലെന്നും മെമ്മോ രേഖകളില്‍ പറയുന്നു.

അധ്യാപകനിയമന കുംഭകോണത്തില്‍ കഴിഞ്ഞദിവസമാണ് പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെയാണ് മന്ത്രി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചത്. ഒരാളെ കസ്റ്റഡിയിലെടുത്താല്‍ വിവരം ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കാന്‍ പ്രതിക്ക് അവസരം നല്‍കാറുണ്ട്. ഈ അവസരത്തിലാണ് പാര്‍ഥ ചാറ്റര്‍ജി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 1.55-ഓടെയാണ് പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തിയത്. തുടര്‍ന്ന് 2.33-നാണ് മന്ത്രി മുഖ്യമന്ത്രി ബാനര്‍ജിയെ ആദ്യം വിളിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഫോണെടുത്തില്ല. പിന്നാലെ പുലര്‍ച്ചെ 3.37-നും രാവിലെ 9.35-നും മന്ത്രി മമതാ ബാനര്‍ജിയെ വിളിച്ചു. പക്ഷേ, രണ്ടുതവണയും ഫോണെടുത്തില്ലെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു. എന്നാല്‍ ഇ.ഡി.യുടെ അറസ്റ്റ് മെമ്മോയില്‍ പറയുന്ന കാര്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്.

അതേസമയം, കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്ന പാര്‍ഥ ചാറ്റര്‍ജിയെ തിങ്കളാഴ്ച രാവിലെ ഒഡിഷയിലെ ആശുപത്രിയിലേക്ക് മാറ്റി. കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഭുവനേശ്വര്‍ എയിംസിലേക്കാണ് മന്ത്രിയെ മാറ്റിയത്. അഭിഭാഷകനും കൊല്‍ക്കത്ത എസ്.എസ്.കെ.എം. ആശുപത്രിയിലെ ഡോക്ടറും അദ്ദേഹത്തിനൊപ്പമുണ്ട്.

 

Top