കശ്മീര്‍: സുരക്ഷാ സമിതി യോഗം വിളിക്കാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് ചൈന

india-china

ന്യൂഡല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യ-പാക്കിസ്ഥാന്‍ ക്വസ്റ്റ്യന്‍ എന്ന ഇനം അജണ്ടയില്‍ ഉള്‍പ്പെടുത്തി സുരക്ഷാ സമിതി ഇത് ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പാക്കിസ്ഥാനും ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമാണെന്നാണ് ഈ കത്തില്‍ പാക്കിസ്ഥാന്‍ ആരോപിച്ചിരിക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും പറഞ്ഞു. എന്നാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യ വാദിക്കുന്നത്.

അതേസമയം കശ്മീരില്‍ മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ഇന്ത്യ തള്ളിയ സാഹചര്യത്തില്‍ അത് അടഞ്ഞ അധ്യായമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമാണെങ്കില്‍ മാത്രം നിലനില്‍ക്കുന്ന നിലപാടായിരുന്നു കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നത് എന്നാല്‍ ഇന്ത്യ അക്കാര്യത്തില്‍ താല്‍പര്യം കാണിക്കാതിരുന്നതോടെ അത് അടഞ്ഞ അധ്യായമായി മാറി- ട്രംപ് പറഞ്ഞു.

Top