നിസാമുദ്ദീന് സമാനമായി നളന്ദയിലും തബ്ലീഗ് സമ്മേളനം! പങ്കെടുത്തത് 640 പേർ

ന്യൂഡൽഹി നിസാമുദ്ദീൻ മർക്കസ് തബ്ലീഗ് സമ്മേളനത്തിന് സമാനമായി ബിഹാറിലെ നളന്ദയിലും തബ് ലീഗ് സമ്മേളനം നടന്നിരുന്നു എന്ന് റിപ്പോർട്ട്. മാർച്ച് 14, 15 തീയതികളിൽ നളന്ദയിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ 640 പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്. അതിൽ 277 പേരെ മാത്രമേ ഇതുവരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സമ്മേളനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും 363 പേരുടെ വിവരം ലഭിക്കാത്തതാണ് ഇപ്പോൾ ബീഹാറിൽ പരിഭ്രാന്തി പരത്തിയിരിക്കുന്നത്.ഇവരിൽ എത്ര വിദേശികൾ ഉണ്ടായിരുന്നു എന്നും വ്യക്തമല്ല.

നളന്ദ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർ കോവിഡ് പരിശോധനയിൽ പോസ്റ്റീവ് ആണെന്നു കണ്ടതായി ജില്ലാ മജിസ്‌ട്രേട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്തെഴുതി അറിയിച്ചതോടെയാണ് ഈ വിവരം പുറത്തായത്.

നളന്ദ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കുറേപ്പേർ ഡൽഹിയിൽ നിസ്സാമുദ്ദീൻ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. കൂടുതലും ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് നളന്ദ തബ്ലീഗ് സമ്മേളനത്തിന് പങ്കെടുത്തിരുന്നത്. കേരളത്തിൽ നിന്ന് ഈ സമ്മേളനത്തിന് പ്രതിനിധികൾ എത്തിയിരുന്നോ എന്ന് കാര്യത്തിൽ വ്യക്തതയില്ല.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയാണ് നളന്ദ. സമ്മേളനത്തിന് എത്തിയവരെ കണ്ടെത്താൻ സംസ്ഥാന സർക്കാരും പൊലീസും കാര്യമായ ഒരു ശ്രമവും നടത്തുന്നില്ല എന്ന് പരാതിയും നിലവിൽ ഉയരുന്നുണ്ട്.

ഇതിനിടെ നിസാമുദ്ദീൻ സമ്മേളനത്തിന് ബിഹാറിൽ നിന്ന് 350 പേരാണ് പങ്കെടുത്തത് എന്ന് കേന്ദ്രസർക്കാർ കണ്ടെത്തി സംസ്ഥാനത്തെ അറിയിച്ചിരുന്നു. അവരെ മുഴുവനും കണ്ടെത്താനും ഇതുവരെ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല.പങ്കെടുത്ത പ്രതിനിധികളുടെ വിവരങ്ങൾ നൽകാൻ തബ് ലീഗ് ഭാരവാഹികൾ തയ്യാറാകാത്തതാണ് ബിഹാറിലെ പ്രധാന പ്രശ്‌നം.

Top