പ്രളയത്തിനിടയില്‍ സെല്‍ഫി; ബിജെപി മന്ത്രി വിവാദത്തില്‍, പിന്നാലെ രക്ഷാപ്രവര്‍ത്തന വീഡിയോ

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ദുരിതം അനുഭവിക്കുകയാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍. അതിനിടെ പ്രളയ ദുരിതം സംഭവിച്ച ഇടങ്ങളിലെത്തി സെല്‍ഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാരാജന്‍ വിവാദത്തിലായിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ബോട്ടിലിരുന്ന് സെല്‍ഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത മന്ത്രി ഗിരീഷ് മഹാരാജനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കാര്യങ്ങള്‍ കൈവിട്ടതോടെ വിമര്‍ശനങ്ങളെ തണുപ്പിക്കാനായി മന്ത്രി പുഴയില്‍ നീന്തി സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ ബി.ജെ.പി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


നൂറുകണക്കിന് ആളുകള്‍ക്ക് ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ മന്ത്രി ബോട്ട് യാത്ര ആസ്വദിക്കുകയാണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വന്ന വിമര്‍ശനം. വെള്ളിയാഴ്ച മാത്രം പ്രളയത്തെ തുടര്‍ന്ന് ഒന്‍പത് പേര്‍ മരിച്ച സാംഗ്ലിയില്‍ വെച്ച് സെല്‍ഫിയെടുത്ത ജലവിഭവ വകുപ്പ് മന്ത്രി കൂടിയായ ഗിരീഷ് മഹാജന് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.


സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തരമൊരു വിവാദമുണ്ടാക്കിയത് ബിജെപിയെ സമ്മര്‍ദത്തിലാക്കി. തുടര്‍ന്നാണ് മന്ത്രിയുടെ സാഹസിക രക്ഷാ പ്രവര്‍ത്തനം പാര്‍ട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളിലൂടെ രക്ഷാപ്രവര്‍ത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തില്‍ നീന്തുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ഇങ്ങനെയാണ് ബിജെപി എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നതെന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

Top