പ്രണയത്തിന് പിന്നാലെ പാകിസ്താനിലേക്ക് കടക്കുകയും വിവാഹം കഴിയ്ക്കുകയും ചെയ്ത അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് പ്രണയത്തിന് പിന്നാലെ പാകിസ്താനിലേക്ക് കടക്കുകയും മതംമാറി കാമുകനെ വിവാഹം കഴിയ്ക്കുകയും ചെയ്ത അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തി. ബുധനാഴ്ചയാണ് അഞ്ജു തിരികെ നാട്ടിലെത്തിയത്. താന്‍ സന്തോഷവതിയാണെന്നും മറ്റൊന്നും പറയാനില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

വിവാഹത്തിന് ശേഷം മതം മാറിയ അഞ്ജു ഫാത്തിമ എന്ന പേര് സ്വീകരിച്ചിരുന്നു. ജയ്പുരിലേക്ക് പോകുന്നെന്ന് ഭര്‍ത്താവ് അരവിന്ദിനോട് പറഞ്ഞാണ് 34 കാരിയായ അഞ്ജു പാകിസ്താനിലേക്ക് കടന്നത്. ഭിവാഡിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു അഞ്ജുവും അരവിന്ദും. വിദേശത്ത് ജോലിക്ക് പോകാന്‍ 2020-ലാണ് അഞ്ജു പാസ്‌പോര്‍ട്ട് എടുത്തത്.കഴിഞ്ഞ ജൂലൈ 25-നാണ് ഫെയ്സ്ബുക്ക് സുഹൃത്തായ നസ്റുള്ളയെ വിവാഹം ചെയ്തത്. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള വീഡിയോ പുറത്തുവന്നിരുന്നു. ഓഗസ്റ്റില്‍ അഞ്ജുവിന്റെ വിസ ഒരു വര്‍ഷത്തേക്ക് നീട്ടിനല്‍കിയിരുന്നു.

2019 മുതല്‍ ഇരുവരും ഫെയ്സ്ബുക്ക് സുഹൃത്തുക്കളായിരുന്നു. തുടര്‍ന്ന് പ്രണയത്തിലാകുകയും അഞ്ജു പാകിസ്താനിലേക്ക് കടക്കുകയുമായിരുന്നു. ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിര്‍ സ്വദേശിയാണ് നസ്റുള്ള. 29-കാരനായ നസ്റുള്ള മെഡിക്കല്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. വിവാഹിതയും പതിനഞ്ചും ഏഴും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയുമാണ് അഞ്ജു.

 

Top