കൂടംകുളം ആണവനിലയത്തില്‍ സൈബര്‍ ആക്രമണം; ഐഎസ്ആര്‍ഒയും ജാഗ്രതയില്‍

ന്യൂഡല്‍ഹി: പെഗാസസ് മാല്‍വെയര്‍ ഇന്ത്യയിലെ നാല്പതോളം പൊതുപ്രവര്‍ത്തകരുടെയും പത്രപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം വിവാദമായിരിക്കെ കൂടംകുളം ആണവനിലയത്തിലെ കംപ്യൂട്ടറുകളില്‍ വൈറസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയും ജാഗ്രതയിലാണ്.

ഉത്തര കൊറിയന്‍ നിര്‍മിതമായ ഡി ട്രാക്കാണ് കുടംകുളം ആണവനിലയത്തില്‍ കണ്ടെത്തിയ മാല്‍വെയര്‍ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്താനും ബാധിക്കപ്പെട്ട കംപ്യൂട്ടര്‍ ശൃംഖലയുടെ നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുകയും ചെയ്യുന്ന വൈറസ് ആണിത്.

കുളം ആണവനിലയത്തിലെ പദ്ധതി വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ശ്രമമായിരുന്നു സൈബര്‍ ആക്രമണമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും , ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ജാഗ്രതയിലായിരിക്കുന്നത്.

സൈബര്‍ ആക്രമണ ഭീഷണിയുണ്ടായത് മുതല്‍ ഐഎസ്ആര്‍ഓ ഒരു മള്‍ടി-ആക്ഷന്‍ ടീമിന് തുടക്കമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016 ല്‍ ദക്ഷിണ കൊറിയന്‍ സേനയുടെ ഇന്റേണല്‍ നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറിയ മാല്‍വെയര്‍ തന്നെയാണ് കൂടംകുളത്തും കണ്ടെത്തിയതെന്ന് ദക്ഷിണ കൊറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇഷ്യൂ മേക്കേഴ്സ് ലാബ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം അവകാശപ്പെടുന്നു.

Top