കര്‍ണാടകത്തിന് പിന്നാലെ ഗോവയിലും പ്രതിസന്ധി; എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക്

പനാജി:കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്റെ നിലനില്‍പ് തുലാസിലായതിന് പിന്നാലെ ഗോവയിലും പ്രതിസന്ധി നേരിട്ട് കോണ്‍ഗ്രസ്. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സന്നദ്ധത അറിയിച്ച് സ്പീക്കറെ സമീപിച്ചു. ഇവര്‍ ബിജെപിയിലേക്ക് ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറുടെ നേതൃത്വത്തില്‍ ഗോവ നിയമസഭയിലെത്തിയ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള കത്തും അവര്‍ സ്പീക്കര്‍ക്ക് കൈമാറി.

കോണ്‍ഗ്രസിന് ഗോവ നിയമസഭയില്‍ 15 എംഎല്‍എമാരാണുള്ളത്. ഇതില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടതോടെ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്ക് ബാധകമാവില്ലെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത് വിമതകോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ചേരുന്നതോടെ ബിജെപിയുടെ അംഗസംഖ്യ 27-ആവും.

Top