കാന്താരയ്ക്കു പിന്നാലെ മലയാളത്തില്‍ തെയ്യം പശ്ചാത്തലമാക്കുന്ന ബിഗ് ബജറ്റ് ചിത്രം ; ‘കതിവനൂര്‍ വീരന്‍’

ന്നഡ സിനിമയുടെ യശസ്സ് ഇന്ത്യ മുഴുവനും എത്തിച്ച ചിത്രമാണ് കാന്താര. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം കന്നടയിൽ നിന്നും ഉള്ള ഏറ്റവും വലിയാ ഹിറ്റായി ചിത്രം മാറി കഴിഞ്ഞു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തെ വേറിട്ടുനിര്‍ത്തിയ ഒന്ന് ഭൂതക്കോലത്തിന്‍റെ ആവിഷ്കരണമായിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ ഉത്തര മലബാറിലെ പൈതൃക കലയായ തെയ്യം മുന്‍നിര്‍ത്തി ഒരു ബി​ഗ് ബജറ്റ് ചിത്രം ഒരുങ്ങുകയാണ്. കതിവനൂര്‍ വീരന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ​ഗിരീഷ് കുന്നുമ്മല്‍ ആണ്.

തെയ്യക്കോലത്തെ അത്യാധുനിക ദൃശ്യ ശബ്‌ദ മികവോടെ അനിർവചനീയ തലത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് ഏകദേശം 40 കോടിയോളമാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ​ഗിരീഷ് കുന്നുമ്മല്‍ പറഞ്ഞു. ടി പവിത്രൻ, രാജ്മോഹൻ നീലേശ്വരം എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹകനായ ഷാജി കുമാർ ആണ്. റോഷാക്ക് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുക. മലയാളത്തിലെയും തമിഴിലെയും പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ സഹകരിക്കുന്ന കതിവനൂർ വീരൻ 2023 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണ് കാന്താര. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ കന്നഡ പതിപ്പിന് രാജ്യമൊട്ടുക്കും റിലീസ് ഉണ്ടായിരുന്നു. സബ് ടൈറ്റിലോടെ എത്തിയ കന്നഡ പതിപ്പ് സ്വീകാര്യത നേടുന്നത് കണ്ട നിര്‍മ്മാതാക്കള്‍ മറ്റു ഭാഷകളില്‍ ചിത്രം മൊഴിമാറ്റം നടത്തി റിലീസ് ചെയ്യുകയായിരുന്നു. ഹിന്ദി, മലയാളം, തെലുങ്ക് അടക്കമുള്ള മൊഴിമാറ്റ പതിപ്പുകളെല്ലാം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

Top