ജോഡോ യാത്രയ്ക്ക് ശേഷം ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍ യാത്രക്കൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’ പ്രചാരണ യാത്രക്കൊരുങ്ങി കോണ്‍ഗ്രസ്. ജനുവരി 26 മുതല്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ബഹുജന പ്രചാരണ യാത്രക്കാണ് കോണ്‍ഗ്രസ് തുടക്കമിടുന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് യാത്രയെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

രാജ്യത്ത് യുവത നേരിടുന്ന പ്രതിസന്ധികള്‍ക്കാണ് പ്രധാനമായും ഊന്നല്‍ നല്‍കുകയെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശും കൂട്ടിചേര്‍ത്തു

‘ഇന്ന് വൈകുന്നേരം ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കും. ഏഴ് സംസ്ഥാനങ്ങളിലായി 2,500 കിലോ മീറ്റര്‍ ദൂരം യാത്ര പിന്നിട്ടു. ഇനി 1,100 കിലോ മീറ്ററാണ് ഭാരത് ജോഡോ യാത്ര താണ്ടേണ്ടത്.’ ജയറാം രമേശ് കൂട്ടിചേര്‍ത്തു. ഭാരത് ജോഡോ യാത്രക്ക് ശേഷം ഇനി എന്ത് എന്നതും ഇന്നത്തെ യോഗത്തില്‍ പ്രധാന ചര്‍ച്ചയായെന്ന് ജയറാം രമേശ് പങ്കുവെച്ചു.

ഹാത് സേ ഹാത് ജോഡോയെന്ന പ്രത്യേകം പരിപാടി പദ്ധതിയിടുന്നുണ്ട്. ജില്ലാ, ബ്ലോക്ക് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇക്കാലയളവില്‍ ഭാരത് ജോഡോ യാത്രയുടെ നേട്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും ജയറാം രമേശ് പറഞ്ഞു.

ഫെബ്രുവരി അവസാന വാരത്തില്‍ മൂന്ന് ദിവസത്തെ പ്ലീനറി സമ്മേളനം ചേരാനും പുതി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ തീരുമാനിച്ചു.ഭാരത് ജോഡോ യാത്രയെ കുറിച്ച് കോണ്‍ഗ്രസ് പുതിയ തീരുമാനത്തിലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് സൂചന. റിപ്പബ്ലിക്ക് ദിനത്തില്‍ യാത്ര സമാപനം നടത്താനാണ് പുതിയ ആലോചനകളെന്നാണ് വിവരം. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 3500 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരിലാണ് യാത്ര സമാപിക്കുന്നത്.

 

Top