After issuing boarding pass, IndiGo flies to Kerala without Madani

ബംഗളുരു : സുപ്രീംകോടതി ഉത്തരവ് പ്രകാരം ജയില്‍ മോചിതനായി കേരളത്തിലേയ്ക്ക് പുറപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിമാനത്തില്‍ കയറ്റാതിരുന്നത് വിവാദമാകുന്നു.

കേന്ദ്ര-ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധകൃതര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് മഅദനിയെ കയറ്റാതെ വിമാനം കൊച്ചിയിലേക്ക് പുറപ്പെടുകയും ചെയ്തു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മഅദനിക്ക് വിമാനത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതെന്നാണ് പി.ഡി.പി നേതാക്കളുടെ ആരോപണം. അതേ സമയം മഅദനിയോടൊപ്പം കര്‍ണ്ണാടക പൊലീസിലെ അസിസ്റ്റന്റ് കമ്മീഷണറും ഇന്‍സ്‌പെക്ടറും സായുധരായി ഉള്ളതിനാല്‍ പ്രത്യേക അനുമതി ആവശ്യമാണന്ന വാദവും ഉയരുന്നുണ്ട്.

എന്തായാലും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കടമയായിരുന്നു യാത്രയില്‍ തടസ്സം നേരിടാതെ നോക്കേണ്ടിയിരുന്നത്. ടിക്കറ്റ് എടുക്കുന്ന സമയത്ത് തന്നെ കാര്യങ്ങള്‍ വിമാന കമ്പനി അധികൃതരോട് വ്യക്തമാക്കിയിരുന്നുവെന്നും ഇല്ലെന്നുമുള്ള വാദങ്ങളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

മഅദനിയുടെ ജയില്‍ മോചനവും യാത്രയും തടസ്സപ്പെട്ടത് സുപ്രീംകോടതിയെ അറിയിക്കാനാണ് മഅദനിയുടെ അഭിഭാഷകരുടെ നീക്കം.

കേന്ദ്ര വ്യോമയാന മന്ത്രാലയവും ഇന്‍ഡിഗോ അധികൃതരും മഅദനിയെ യാത്രയില്‍പ്പോലും പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉയര്‍ന്നു വരുന്ന ആക്ഷേപം.

ഒടുവില്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തന്നെ മഅദനിയെ കേരളത്തിലെത്തിക്കാന്‍ വിമാനക്കമ്പനി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് നെടുമ്പാശ്ശേരിയില്‍ അരങ്ങേറിയ പ്രതിഷേധം അവസാനിച്ചത്.

Top