കര്‍താര്‍പുര്‍ ഇടനാഴി രണ്ടാംഘട്ട ചര്‍ച്ച;പ്രതിദിനം 5000 തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനാനുമതി

വാഗ: കര്‍താര്‍പുര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പാക്കിസ്ഥാന്‍ അംഗീകരിച്ചു. നവംബറോടെ കര്‍താപുര്‍ ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിക്കും. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാക്കിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പുര്‍ ഇടനാഴി യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച് ഇന്ത്യ-പാക് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട ചര്‍ച്ചയാണ് പൂര്‍ത്തിയായത്.

പാസ്പോര്‍ട്ടുള്ളവര്‍ക്കും ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്കും വിസയില്ലാതെ കര്‍ത്താര്‍പുര്‍ സന്ദര്‍ശിക്കാം.ഒരു തരത്തിലുള്ള ചാര്‍ജ്ജുകളും തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കില്ലെന്ന് പാക്ക് അധികൃതര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി എസ്.സി.എല്‍ ദാസ്, വിദേശ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദീപക് മിത്തല്‍ എന്നിവരാണ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കിയത്. പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലാണ് പാകിസ്താന്‍ സംഘം ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രം ഉപയോഗിക്കരുതെന്ന ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചതായി ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി എസ്എസി എല്‍ദാസ് വ്യക്തമാക്കി.

ദിവസവും 5000 തീര്‍ഥാടകരെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും പ്രത്യേക സാഹചര്യങ്ങളില്‍ 10,000 തീര്‍ഥാടകരെ വരെ അനുവദിക്കണമെന്നും ആയിരുന്നു ഇന്ത്യയുടെ ആവശ്യം. 10,000 തീര്‍ഥാടകരെ അനുവദിക്കുന്നകാര്യം പിന്നീട് പരിഗണിക്കാമെന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുള്ളത്.

തീര്‍ത്ഥാടകരുടെ സൗകര്യം,സുരക്ഷ ഇടനാഴിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പാക്കിസ്ഥാന്‍ അംഗീകരിച്ചു.

Top