മരുന്നുകൾക്ക് വേണ്ടി യാചിച്ച് ലോകം, ഇന്ത്യയുടെ പ്രസക്തി ഇപ്പോൾ വ്യക്തം

ന്യൂഡല്‍ഹി: കോവിഡ് എന്ന മഹാമാരി ലോകത്തിനാകെ കനത്ത ഭീഷണി ഉയര്‍ത്തുമ്പോള്‍ ഇന്ത്യ ആ ഭീഷണിക്ക് മുമ്പില്‍ തല കുനിക്കാതെ കനത്ത പോരാട്ടമാണ് നടത്തിവരുന്നത്. ഇന്ന് ലോക രാജ്യങ്ങളെല്ലാം ഇന്ത്യയുടെ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണ്. കോവിഡിന് ഫലപ്രദമെന്ന് ലോക രാജ്യങ്ങള്‍ വിശ്വസിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന് വേണ്ടിയാണ് അവരുടെ അഭ്യര്‍ത്ഥന. ഇതുവരെ ഹൈഡ്രോക്സിക്ലോറോക്വിന്‍ വേണ്ടി മാത്രമായിരുന്നു വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന എങ്കില്‍ ഇപ്പോള്‍ അത്, പനി നിയന്ത്രിക്കുന്നതിനുള്ള പാരസെറ്റമോളിനുവേണ്ടിയും ഉയര്‍ന്നിരിക്കുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മാസം 200 മെട്രിക് ടണ്‍ മാത്രമേ ആവശ്യമായി വരുന്നുള്ളു. ബാക്കിയുള്ളവ ഇറ്റലി, ജര്‍മ്മനി, യുകെ, യുഎസ്, സ്‌പെയിന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നത് പ്രതിവര്‍ഷം 730 കോടി രൂപയാണ്.

ആഗോള സഹകരണ തന്ത്രത്തിന്റെ ഭാഗമായി പനി, ശരീരവേദന എന്നിവയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോള്‍ കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ യു.കെ ആക്ടിങ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംപ്സണ്‍ ട്വീറ്റും ചെയ്തിരുന്നു. ആഗോള തലത്തിലുള്ള സഹകരണമാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

യു.കെയ്ക്കു പുറമെ മറ്റ് രാജ്യങ്ങളും പാരസെറ്റമോള്‍ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തില്‍ ഇന്ത്യയോട് ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അയല്‍ രാജ്യമായ ശ്രീലങ്കയില്‍ നിന്നും ഓര്‍ഡറുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ നിലവില്‍, മരുന്ന് കയറ്റുമതിയ്ക്ക് നിയന്ത്രണമുള്ളതിനാല്‍ അനുമതി ഇല്ലാതെ കയറ്റി അയയ്ക്കാന്‍ സാധിക്കില്ല എന്നാണ് ”ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്.

നേരത്തെ മലേറിയ പ്രതിരോധത്തിനുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നുകള്‍ക്കുള്ള കയറ്റുമതി നിരോധനത്തില്‍ കേന്ദ്രം ഇളവ് നല്‍കിയിരുന്നു.

അതേസമയം കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സുഹൃത്തുകളെ സഹായിക്കാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നു കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ട്വീറ്റിന് റിട്വീറ്റിലൂടെ മറുപടി നല്‍കിയപ്പോഴായിരുന്നു മോദിയുടെ ഈ പ്രതികരണം.

‘മഹാമാരിക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം. ഇതിന് സാധ്യമാകുന്ന സഹായം സുഹൃത്തുകള്‍ക്ക് ചെയ്യാന്‍ ഇന്ത്യ ഒരുക്കമാണ് എന്നായിരുന്നു മോദിയുടെ പ്രതികരണം. ഇസ്രായേല്‍ പൗരന്മാരുടെ മികച്ച ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 25ന് നിരോധിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തിലാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചത്. എന്നാല്‍ ലോക രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം ഇന്ത്യ കഴിഞ്ഞ ദിവസം എടുത്തുമാറ്റുകയായിരുന്നു. കോവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഇതിന് പിന്നെലെയാണ് ഇന്ത്യ അമേരിക്ക, ബ്രസീല്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്തത്.

Top