ഗൗരിക്ക് ശേഷം ഹിന്ദുസേന ഉന്നമിട്ടത് കെഎസ് ഭഗവാനെ; വധിക്കാനുള്ള ചുമതല നവീന്‍ കുമാറിന്

ks

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് പിന്നാലെ എഴുത്തുകാരന്‍ കെഎസ് ഭഗവാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഹിന്ദു സേന പ്രവര്‍ത്തകന്‍ നവീന്‍ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കെഎസ് ഭഗവാനെ വധിക്കാനുള്ള ചുമതലയും നവിന് തന്നെയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

ഗൗരി ലങ്കേഷിനെ വധിച്ച രീതിയില്‍ മതിപ്പുതോന്നിയ ഹിന്ദുസേന ഇയാള്‍ക്ക് തന്നെ ഭഗവാനെ കൊല്ലാനുളള ചുമതലയും ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കെഎസ് ഭഗവാനെ വധിക്കാന്‍ തോക്കു സംഘടിപ്പിക്കാനുളള ശ്രമത്തിനിടെയാണ് നവീന്‍ കുമാര്‍ പിടിയിലായത്.

ഗൗരി ലങ്കേഷിനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതിയെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ് തീരുമാനിച്ചു. മുമ്പ് നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് സമ്മതമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് മുന്‍പാകെ ഇതിനുളള സമ്മതം പ്രതി വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന തെളിയിക്കാനായാല്‍ കല്‍ബര്‍ഗി, പന്‍സാരെ വധക്കേസുകളും തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.

കെഎസ് ഭഗവാനെ വധിക്കാന്‍ ശ്രമിച്ചതിന് കൂടി പ്രതിക്കെതിരെ കുറ്റം ചുമത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ച കൂടി വൈകിയിരുന്നെങ്കില്‍ ഭഗവാന്‍ കൊല്ലപ്പെടുമായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ഇദ്ദേഹത്തിന് നേരത്തെ തന്നെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഭഗവാന്റെ സുരക്ഷ പൊലീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെഎസ് ഭഗവാനെ വധിച്ച് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തില്‍ നിന്ന് പൊലീസിന്റെ ശ്രദ്ധ തിരിക്കാനായിരുന്നു ഗൂഢാലോചനയില്‍ ലക്ഷ്യമിട്ടതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

Top