After- facebook page and twitter -VS’s mobile app -for- election campaign

പാലക്കാട്: തെരഞ്ഞെടുപ്പില്‍ ഹൈടെക് പ്രചാരണം സജീവമാകുമ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി പ്രചാരണത്തില്‍ ഒരു പടി മുന്നിലെത്താന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.

തലനരയ്ക്കുകയല്ല എന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതല്ല എന്റെ യുവത്വവും…മൊബൈല്‍ ആപ്പിലെ വീഡിയോ ഗാലറി തുറക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്നതിതാണ്. സഖാവ് വി.എസ്… മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരങ്ങള്‍ എന്ന ആമുഖത്തോടെയാണ് ഇത് തുടങ്ങുന്നത്.

ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമായ വി എസ് അച്യുതാനന്ദന്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടയെും ജനങ്ങളിലെത്താനാണ് ശ്രമിക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണിന്റെ പ്ലേസ്റ്റോറില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം. വി എസിന്റെ ജീവചരിത്രം, ചിത്രങ്ങള്‍, പ്രസംഗങ്ങള്‍, വാര്‍ത്താകുറിപ്പുകള്‍ എന്നിവയെല്ലാം ഇതില്‍ ലഭ്യമാകും.

പ്രധാന പരിപാടികളുടെ ലൈവ് സ്ട്രീമിംഗിനും സൗകര്യമുണ്ട്. തിരുവനന്തപുരത്തുള്ള ഒരുകൂട്ടം ഐടി വിദഗ്ധരാണ് മൊബൈല്‍ ആപ്ലിക്കേഷനു പിന്നില്‍.

ആദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ട്രീയനേതാവിന്റെ പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യുന്നത്. ഈ മാസം പതിനേഴിന് ആരംഭിച്ച വിഎസിന്റെ ഫേസ്ബുക്ക് പേജ് ഇതിനകം തന്നെ ഒരു ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. പല വിവാദങ്ങള്‍ക്കും ഫേസ്ബുക്കിലൂടെയാണ് വി എസ് ഇപ്പോള്‍ മറുപടി പറയുന്നത്. ട്വിറ്ററ് അക്കൗണ്ടും വി എസ് തുടങ്ങിയിട്ടുണ്ട്.

ഇന്‍ഫോപാര്‍ക്കിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ചുമുള്ള പ്രസ്താവനകളാണ് ആദ്യദിനം പ്രസ് നോട്ടിലുള്ളത്. ഓഡിയോ ഗാലറിയില്‍ ഇടത് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനുള്ള ആഹ്വാനമാണ്. ഫോട്ടോഗാലറിയില്‍ ആദ്യദിനം പോസ്റ്റുചെയ്തിട്ടുള്ളത് പിണറായിക്കും കോടിയേരിക്കുമൊപ്പമുള്ള ചിത്രമാണ്.

Top