ദിലീപിന് ‘പണി’ കൊടുത്തവര്‍ക്കും കിട്ടി ‘പണി’, എറണാകുളത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേസ്‌

കൊച്ചി: സിനിമാ താരവും എം എല്‍എയുമല്ല, ഏത് കൊമ്പത്തെ മാധ്യമ പ്രവര്‍ത്തകനായാലും ‘മൊട’ കാണിച്ചാല്‍ പിണറായി പൊലീസിന്റെ പിടിയില്‍ വീഴും.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, വീട്ടമ്മയെ പീഡിപ്പിച്ച പരാതിയില്‍ കോവളം എംഎല്‍എ വിന്‍സന്റ് തുടങ്ങി മാതൃഭൂമി ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററും ഇപ്പോള്‍ പിണറായി പൊലീസിന്റെ വലയില്‍ കുടുങ്ങിയിരിക്കുകയാണ്.

സഹപ്രവര്‍ത്തകയുടെ പരാതിയിലാണ് മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിനു പിന്നാലെ ഈ മാധ്യമ പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് മാതൃഭൂമി തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതും ശ്രദ്ധേയമായി.

ഏറ്റവും ഒടുവില്‍ ഇപ്പോള്‍ പ്രമുഖ പത്രത്തിലെ രണ്ട് സീനിയര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ എറണാകുളം പനങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

രണ്ട് പേരെയും മാധ്യമസ്ഥാപനം സസ്‌പെന്റ് ചെയ്തതായാണ് അറിയുന്നത്.

സ്ത്രീകള്‍ നല്‍കുന്ന പരാതികളില്‍ മുഖം നോക്കാതെ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുന്ന പിണറായി പൊലീസിന്റെ നടപടിയെ രാഷ്ട്രീയക്കാര്‍ മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ പോലും പേടിയോടെയാണ് ഇപ്പോള്‍ വീക്ഷിക്കുന്നത്.

നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെ മാധ്യമ വിചാരണ ചെയുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസിന്റെ ഇപ്പോഴത്തെ നടപടി അപ്രതീക്ഷിത പ്രഹരമായി മാറിയിട്ടുണ്ട്.

Top