മകളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീയിട്ട് വീട്ടുകാര്‍;രണ്ട് പേര്‍ വെന്ത് മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മകള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീയിട്ട് വീട്ടുകാര്‍. രണ്ട് പേര്‍ വെന്തുമരിച്ചു. യുവാവിന്റെ അച്ഛനും അമ്മയുമാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം.തിങ്കളാഴ്ച രാത്രിയാണ് അന്‍ഷിക കേശര്‍വാനി എന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍ഷികയുടെ മരണവാര്‍ത്ത പുറത്തുവന്നയുടന്‍ ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ എത്തി. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് അന്‍ഷിക ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിച്ചു.

ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ അന്‍ഷികയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടിന് തീയിടുകയായിരുന്നു. പൊലീസ് ഉടന്‍ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്‌നിശമന സേനയെ അറിയിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീയണച്ചത്.അഗ്‌നിശമന ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ അമ്മായിയമ്മയെയും അമ്മായിയപ്പനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജേന്ദ്ര കേശര്‍വാനി, ശോഭാ ദേവി എന്നിവരെയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top