കോവിഡിന് ശേഷം; ആദ്യ രാജ്യാന്തര പരമ്പരയ്ക്കായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തി

ലണ്ടന്‍: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിശ്ചലമായിക്കിടന്ന ഗ്രൗണ്ടുകളില്‍ ഫുട്‌ബോള്‍ മത്സരം ആരംഭിച്ചതിന് പിന്നാലെ ക്രിക്കറ്റും സജീവമാകുന്നു. ഇതിന്റെ ഭാഗമായി കോവിഡിനു ശേഷമുള്ള ആദ്യ രാജ്യാന്തര പരമ്പരയ്ക്കായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തി. പഴയ മത്സരങ്ങളുടെ റീപ്ലേകള്‍ ടിവിയിലൂടെ ആവര്‍ത്തിച്ചുകണ്ട് മടുത്ത ആരാധകര്‍ക്ക് ആവേശം പകര്‍ന്നാണ് ടെസ്റ്റ് പരമ്പരയ്ക്കായി വിന്‍ഡീസ് ഇംഗ്ലണ്ടിലെത്തിയത്.

ജൂണ്‍ മാസത്തിലേക്ക് നിശ്ചയിച്ചിരുന്ന പരമ്പര കോവിഡിനെ തുടര്‍ന്നാണ് നീട്ടിവച്ചത്. ഇനി ജൂലൈ എട്ടിനാണ് മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കുക. വിന്‍ഡീസ് ടീമംഗങ്ങളില്‍ ആര്‍ക്കും കോവിഡില്ലെന്ന് പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ടീമംഗങ്ങള്‍ മാഞ്ചസ്റ്ററിലെത്തുമ്പോള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കും. മാഞ്ചസ്റ്ററില്‍ ചട്ടപ്രകാരം 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാകും വിന്‍ഡീസ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങുക. അതിനുശേഷം ആദ്യ ടെസ്റ്റിനായി സതാംപ്ടണിലേക്കു പോകും.

പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങളോടെയാകും പരമ്പര അരങ്ങേറുക. സതാംപ്ടണിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക. ബാക്കി രണ്ടു ടെസ്റ്റുകള്‍ ഓള്‍ഡ് ട്രാഫഡില്‍ അരങ്ങേറും. പരമ്പരയ്ക്കായി വിന്‍ഡീസ് തിരഞ്ഞെടുത്ത ടീമില്‍നിന്ന് മൂന്നു താരങ്ങള്‍ പിന്‍മാറിയിരുന്നു. ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹെറ്റ്മയര്‍, കീമോ പോള്‍ എന്നിവരാണ് കോവിഡ് ഭീതിമൂലം പരമ്പരയില്‍നിന്ന് പിന്‍മാറിയത്. ഇംഗ്ലണ്ട് പര്യടനത്തില്‍നിന്ന് പിന്‍മാറിയത് ഭാവിയിലെ ടീം തിരഞ്ഞെടുപ്പുകളില്‍ ഇവരുടെ സാധ്യതകളെ ബാധിക്കില്ലെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

Top