ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത് തിരിച്ചടിയില്‍ പാഠം പഠിച്ചു ; കിസാന്‍ കാര്‍ഡിറക്കി മോദി

Narendra modi

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് പ്രീണനവും ഡിജിറ്റല്‍ ഇന്ത്യയും ഗ്രാമീണ ജനതയുടെയും കര്‍ഷകരുടെയും രോക്ഷത്തിനിടയാക്കുമെന്ന തെരഞ്ഞെടുപ്പ് പാഠം ഉള്‍ക്കൊണ്ട് കര്‍ഷക പ്രീണനത്തിന് കര്‍ഷക ക്ഷേമപദ്ധതികളുമായി അരുണ്‍ ജെയ്റ്റിലിയുടെ ബജറ്റ്.

കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വരിക്കോരി നല്‍കിയപ്പോള്‍ കര്‍ഷകരും ഗ്രാമീണജനതയും ബി.ജെ.പിയെ കൈവിടുന്ന കാഴ്ചയായിരുന്നു ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കണ്ടത്. നഗരങ്ങളില്‍ ബി.ജെ.പി സ്വാധീനം വര്‍ധിപ്പിക്കുമ്പോഴും ഗ്രാമീണ മേഖലയിലും കര്‍ഷകര്‍ക്കിടയിലും പിന്തുണകുറയുന്നത് ബി.ജെ.പിയെ വേവലാതിപ്പെടുത്തിയിരുന്നു. അടുത്തവര്‍ഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗ്രാമീണജനതയും കര്‍ഷകരും കൈവിട്ടാല്‍ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് ബജറ്റില്‍ കര്‍ഷകര്‍ക്ക് വാരിക്കോരി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്.

രാജ്യത്തെ കര്‍ഷക വരുമാനം നാലു വര്‍ഷത്തിനകം ഇരട്ടിയാക്കുമെന്നതാണ് വലിയ പ്രഖ്യാപനം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിപുലീകരിക്കും, കാര്‍ഷിക ഉല്‍പ്പന്ന സംഭരണത്തിന് 2000 കോടി, ഇനാം പദ്ധതി വിപുലീകരിക്കും, കാര്‍ഷിക വായ്പ 11 ലക്ഷം കോടിയാക്കി, കാര്‍ഷിക വിപണി വികസനത്തിന് 2000 കോടി, ജൈവകൃഷിക്ക് ഊന്നല്‍, വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും, ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കും, ഓപ്പണ്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി എന്നിവയെല്ലാം പ്രതീക്ഷയോടെയാണ് കാര്‍ഷിക ജനത സ്വീകരിക്കുന്നത്.

അഞ്ചു കോടി ഗ്രാമീണര്‍ക്ക് പ്രയോജനം ലഭിക്കുന്ന അഞ്ചു ലക്ഷം വൈ ഫൈ സ്‌പോട്ട്. ഗ്രാമീണ റോഡ് വികസനത്തിലൂടെ 3 കോടി പേര്‍ക്ക് ജോലി. 4 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി. 10 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് 5 ലക്ഷം ചികിത്സാ സഹായം തുടങ്ങിയവും ഗ്രാമീണ ജനതയെ ഒപ്പം നിര്‍ത്തുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്.

Top