ഐഎസ്എല്ലില്‍ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു

കൊച്ചി: ഐഎസ്എല്ലില്‍ മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍.ലീഗില്‍ ആറു മത്സരങ്ങള്‍ കളിച്ചിട്ടും ഒരു വിജയം പോലുമില്ലാതെയാണ് ഹൈദരാബാദ് എഫ് സി എത്തുന്നത്.കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് നിര.

ആറു മത്സരങ്ങളില്‍ നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ബ്ലാസ്റ്റേഴ്സ്. ഇന്നത്തെ വിജയത്തോടെ പോയിന്റ് ടേബിളില്‍ മുന്നേറ്റമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.തോളില്‍ പരിക്കേറ്റ മധ്യനിരതാരം ജീക്‌സണ്‍ സിംഗ് കളത്തിലിറങ്ങാന്‍ ജനുവരി വരെ കാത്തിരിക്കേണ്ടി വരും. അവധി കഴിഞ്ഞെത്തിയ ബ്ലാസ്റ്റേഴ്സ് ടീം കടുത്ത പരിശീലനത്തിന് ശേഷമാണ് ഇന്ന് കളത്തില്‍ എത്തുന്നത്.

ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ദിമിത്രി ഡയമന്റകോസിന് ഇന്ന് കളിക്കാനാവില്ല. എന്നാല്‍ പ്രതിരോധനിരയില്‍ മിലോസ് ഡ്രിന്‍സിച്ചും പ്രബീര്‍ ദാസും വിലക്ക് കഴിഞ്ഞ് തിരിച്ചെത്തും. മാര്‍ക്കോ ലെസ്‌കോവിച്ച് പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ഇന്ന് പുറത്ത് ഇരിക്കാനാണ് സാധ്യത.

 

Top