after 19 years pakistan conduct census

ഇസ്ലാമാബാദ്: 19 വര്‍ഷത്തിന് ശേഷം പാകിസ്താനില്‍ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നു.

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മറിയം ഔറംഗസേബും സൈനിക വക്താവ് ആസിഫ് ഗഫൂറും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച മുതല്‍ നടപടികള്‍ ആരംഭിക്കും. മെയ് 25 ഓടെ രണ്ടു ഘട്ടങ്ങളിലായാണ് ആറാം സെന്‍സസ് പൂര്‍ത്തിയാക്കുക. ഇതിനായി രണ്ടു ലക്ഷം സൈനികര്‍ സേവന രംഗത്തുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു.

സൈനികര്‍ എല്ലാ വീടുകളിലുമെത്തും. സുരക്ഷക്ക് മാത്രമല്ല ഡാറ്റകള്‍ ശേഖരിക്കാനും വിവരങ്ങള്‍ ഉറപ്പുവരുത്താനും സൈനികര്‍ സഹായിക്കുമെന്ന് ആസിഫ് ഗഫൂര്‍ പറഞ്ഞു.

സൈനികര്‍ക്കൊപ്പം ഉദ്യോഗസ്ഥരുമുണ്ടാകും. 118,918 സര്‍ക്കാര്‍ ജീവനക്കാരാണ് സെന്‍സസ് നടത്തുക. എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പരിശീലനം നല്‍കിയിട്ടുണ്ടെന്ന് മറിയം ഔറംഗസേബ് അറിയിച്ചു.

മാര്‍ച്ച് 15 മുതല്‍ തുടങ്ങുന്ന ആദ്യഘട്ടം ഏപ്രില്‍ 15ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 25ന് തുടങ്ങി മെയ് 25ന് പൂര്‍ത്തിയാകും. സെന്‍സസിന്റെ ചിലവുകള്‍ക്കായി 1850 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേ സമയം തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആറു മാസം തടവും 50000 രൂപ പിഴയുമുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

അവസാനമായി 1998ലാണ് പാകിസ്താനില്‍ സെന്‍സസ് നടത്തിയത്.

Top