15 വര്‍ഷങ്ങള്‍ക്കിപ്പുറം കൊല്ലം വീണ്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നു; തിരി തെളിയാന്‍ ഇനി 68 നാള്‍

കൊല്ലം: കൊല്ലം ജില്ലയുടെ മണ്ണില്‍ 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി 68 നാള്‍. കലയുടെ മാമാങ്കത്തിന് കൊല്ലം ജില്ല ഒരുങ്ങിക്കഴിഞ്ഞു. 15 വര്‍ഷത്തിനുശേഷമാണ് കൊല്ലം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. ജനുവരി നാല് മുതല്‍ എട്ട് വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനംചെയ്തു.

24 വേദികളിലായി 239 ഇനങ്ങളുമായി 14,000 മത്സരാര്‍ത്ഥികള്‍ ഇത്തവണ കലോത്സവത്തില്‍ മാറ്റുരയ്ക്കും. ആശ്രാമം മൈതാനമായിരിക്കും പ്രധാന വേദിയാകുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്സി വിഭാഗങ്ങളിലായി മത്സരം. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105, സംസ്‌കൃതം, അറബിക് കലോത്സവങ്ങളില്‍ 19 വീതവുമായി 239 ഇനങ്ങളിലാണ് മത്സരം നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി വി ശിവന്‍കുട്ടി, മന്ത്രി ജെ ചിഞ്ചുറാണി തുടങ്ങിയവരാണ് മുഖ്യരക്ഷാധികാരികള്‍. മന്ത്രി കെ എന്‍ ബാലഗോപാല്‍ ചെയര്‍മാനും പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ് ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയും 20 സബ്കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Top