after-15-year-silence-jamaat-ud-dawa-backs-lashkar-tweets-praise-for-attack-in-pampore

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ഭീഷണി ഉയര്‍ത്തി പാക്കിസ്ഥാന്‍ ഭീകരസംഘടനയായ ജമാഅത്ത് ഉദ്ദവയുടെ സാമൂഹിക മാധ്യമ വിഭാഗം തലവന്‍ തഹാ മുനീബിന്റെ ട്വീറ്റുകള്‍. ജമ്മു കശ്മീരിലെ പാംപോറില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്വീറ്റുകള്‍.

കശ്മീരിലെ വിട്ടുനല്‍കുക, അതാണ് നിങ്ങളുടെ യുവാക്കളായ ക്യാപ്റ്റന്മാരുടെ മരണം തടയാനുള്ള ഒരേയൊരു മാര്‍ഗം. കശ്മീര്‍ വിട്ടുനല്‍കാതെ സിഖുകാരെയും കശ്മീരികളെയും ജാട്ട് സമുദായക്കാരെയും കൊണ്ട് ഇന്ത്യയുടെ തകര്‍ച്ച തടയാമെന്ന് കരുതേണ്ടതില്ല. പൂര്‍ണമായും ലഷ്‌കറെ തയിബയെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്. കശമീരിനെ ഉപേക്ഷിക്കൂ, ലഷ്‌കറിന്റെ കയ്യില്‍നിന്ന് നിങ്ങളുടെ ഭീരുക്കളായ സൈന്യത്തെ സംരക്ഷിക്കൂവെന്നും മുനീബ് പറയുന്നു.

എന്നാല്‍ പാംപോര്‍ ആക്രമണത്തിനു പിന്നില്‍ ലഷ്‌കറെ തയിബയാണെന്നതിനുള്ള തെളിവുകള്‍ എന്താണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. പതിനഞ്ചു വര്‍ഷത്തിനുശേഷമാണ് ലഷ്‌കറിനെ പരസ്യമായി പിന്തുണച്ച് ജമാഅത്ത് ഉദ്ദവ രംഗത്തെത്തുന്നത്.

പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തിലൊളിച്ച മൂന്നു ഭീകരരെയും വധിച്ചതോടെ സൈന്യവും ഭീകരരും തമ്മില്‍ 48 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ ഇന്നലെ അവസാനിച്ചിരുന്നു. ഒണ്‍ട്രപ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇഡിഐ) കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

പാംപോറില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ശനിയാഴ്ച സിആര്‍പിഎഫ് വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായാണ് ഭീകരര്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചത്. ക്യാപ്റ്റന്‍ പദവിയിലുള്ള രണ്ടു പേരടക്കം അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായി.

120 നാട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുന്നതിനിടെയുണ്ടായ വെടിവയ്പില്‍ ഒരു നാട്ടുകാരനും മരിച്ചു. ഭീകരരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടല്ല. ലഷ്‌കറെ തയിബയാണെന്നാണ് സംശയം.

Top