നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്ബുക്ക് ചൈനയിലേക്ക് തിരികെയെത്തുന്നു

നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയിലേക്ക് തിരികെ പോകാന്‍ ഒരുങ്ങുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റഫോം ആയ ഫേസ്ബുക്ക് (മെറ്റ). മറ്റ് അമേരിക്കന്‍ ടെക് കമ്പനികളെ പോലെ ഫേസ്ബുക്കിനും ചൈനയില്‍ പ്രവര്‍ത്തന വിലക്കുണ്ട്. അതുകൊണ്ട് തന്നെ 2009 മുതല്‍ ഒരുതരത്തിലുള്ള ഇടപാടുകളും ചൈനയില്‍ മെറ്റ നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍, ചെറിയ രീതിയില്‍ അവിടെ കാലുകുത്താന്‍ മെറ്റ ശ്രമിക്കുന്നതായി ദ വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളായി ചൈനയില്‍ അമേരിക്കന്‍ സോഷ്യല്‍ മീഡിയക്ക് പ്രവര്‍ത്തന വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഗൂഗിള്‍ ആപ്പുകള്‍ക്കും ചൈനയില്‍ സേവനം നല്‍കാന്‍ കഴിയില്ല. തങ്ങളുടെ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റിന്റെ പുതിയതും വിലകുറഞ്ഞതുമായ പതിപ്പ് ചൈനയില്‍ വില്‍ക്കാനാണ് മെറ്റ ഉദ്ദേശിക്കുന്നത്. നേരിട്ട് വില്‍ക്കുന്നതിന് പകരം അതിനായി ചൈനീസ് ടെക്നോളജി ഭീമന്‍ ടെന്‍സന്റിന്റെ സഹായമാണ് മെറ്റ തേടിയിരിക്കുന്നത്. ടെന്‍സെന്റുമായി ഫെയ്സ്ബുക്ക് ഉടമ കരാറൊപ്പിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കമ്പനി തങ്ങളുടെ പ്രീമിയം VR ഹെഡ്സെറ്റായ ക്വസ്റ്റ് 3-ല്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വിലകുറഞ്ഞ ലെന്‍സുകള്‍ ഉപയോഗിക്കാനും പദ്ധതിയിടുന്നുണ്ട്. വി.ആര്‍ ഹെഡ്‌സെറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും മെറ്റക്കായിരിക്കും ലഭിക്കുക, എന്നാല്‍, ഉള്ളടക്ക, സേവന വരുമാനത്തില്‍ നിന്നുള്ള കൂടതല്‍ പങ്ക് ടെന്‍സന്റിനും ലഭിക്കും. ഭീമന്‍ തുക മുടക്കിയുള്ള മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സും അതുമായി ബന്ധ?പ്പെട്ട വി.ആര്‍, എ.ആര്‍ ഹെഡ്‌സെറ്റ് അടക്കമുള്ള ഉപകരങ്ങളുടെ ബിസിനസുമൊന്നും പ്രതീക്ഷിക്കുന്ന വരുമാനം മെറ്റയ്ക്ക് നല്‍കുന്നില്ല.

ചൈനയിലേക്കുള്ള കാലുകുത്തല്‍ അതില്‍ മാറ്റമുണ്ടാക്കുമെന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്. ?പ്രത്യേകിച്ച് വിഡിയോ ഗെയിമിങ് രംഗത്തെ അതികായരായ ടെന്‍സന്റുമായുള്ള കൂട്ടുകൂടല്‍ കമ്പനിക്ക് ഗുണം ചെയ്‌തേക്കും. അതേസമയം, യു.എസ്-ചൈനീസ് ടെക്ഭീമന്‍മാര്‍ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലെത്തുന്നത്. ആഭ്യന്തര ചൈനീസ് കമ്പനികളുമായി ഇത്തരത്തില്‍ കരാറിലെത്തുക മാത്രമാണ് യുഎസ് ടെക് കമ്പനികള്‍ക്ക് ചൈനീസ് വിപണിയില്‍ കാലുറപ്പിനുള്ള ഏക മാര്‍ഗം.

Top