ആറുമാസം അരും കൊല ഒളിപ്പിച്ചുവച്ച് അഫ്താബ് ; ഒടുവിൽ കുടുങ്ങി

ദില്ലി: ആറുമാസത്തോളം ഒളിപ്പിച്ചുവച്ച കാമുകിയുടെ അരുംകൊലയില്‍ അഫ്താബ് പൂനാവാല ഒടുവില്‍ വലിയിലായത് എങ്ങനെ. പൊലീസിന്‍റെ സംശയങ്ങള്‍ എല്ലാം മറികടക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു അഫ്താബ് ആദ്യം പൊലീസ് ചോദ്യം ചെയ്യലില്‍ പെരുമാറിയത്. എന്നാല്‍ ചോദ്യം ചെയ്യലിലെ പറഞ്ഞ കള്ളങ്ങള്‍ തന്നെ ഒടുവില്‍ അഫ്താബിന്‍റെ കൈയ്യില്‍ വിലങ്ങ് വീഴ്ത്തി.

കൊല്ലപ്പെട്ട ശ്രദ്ധ വാക്കറിന്റെ പിതാവ് കഴിഞ്ഞ മാസം മുംബൈക്കടുത്തുള്ള വസായിൽ മകളെ കാണാനില്ല എന്ന പേരില്‍ നല്‍കിയ പരാതിയാണ് അഫ്താബിലേക്ക് എത്തിയത്. മഹാരാഷ്ട്ര പൊലീസില്‍ എത്തിയ കേസില്‍ ഒക്ടോബർ 26 ന് അഫ്താബ് പൂനാവാലയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. മെയ് മാസം 22ന് വഴക്കുണ്ടായതിനെ തുടര്‍ന്ന് ശ്രദ്ധ ദില്ലിയിലെ മെഹ്‌റൗളി ഏരിയയിലെ ഛത്തർപൂരിലെ വാടക ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോയതായി അഫ്താബ് പോലീസിനോട് പറഞ്ഞു.

എന്നാല്‍ ശരിക്കും അതിന് നാല് ദിവസം മുന്‍പ് തന്നെ അയാൾ ശ്രദ്ധയെ കൊലപ്പെടുത്തിയിരുന്നു. അവർ ദില്ലിയിലെ ഈ ഫ്ലാറ്റിലേക്ക് മാറിയിട്ട് കഷ്ടിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് ഈ വഴക്ക് നടന്നത് എന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. ഇറങ്ങിപ്പോയ ശേഷം ശ്രദ്ധയുമായി ഒരു ബന്ധവും ഇല്ലെന്നും അഫ്താബ് പൊലീസിനോട് പറഞ്ഞു.

ശ്രദ്ധ തന്‍റെ മൊബൈൽ ഫോൺ മാത്രമാണ് ഫ്ലാറ്റില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ എടുത്തതെന്നും. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഉപേക്ഷിച്ചാണ് പോയതെന്നും അഫ്താബ് പൊലീസിനോട് ആദ്യം പറഞ്ഞു. ഇതിനെ തുടര്‍ന്ന് വാസയിലെ പൊലീസ് അന്വേഷണ സംഘം – ശ്രദ്ധയുടെ ഫോൺ പ്രവർത്തനം, കോൾ വിശദാംശങ്ങൾ, സിഗ്നൽ ലൊക്കേഷൻ എന്നിവ ട്രാക്കുചെയ്തു.

ശ്രദ്ധയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് മെയ് 22 നും 26 നും ഇടയിൽ ശ്രദ്ധ വാക്കറുടെ അക്കൗണ്ടിൽ നിന്ന് അവളുടെ ഫോണിലെ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ച് 54,000 രൂപ അഫ്താബ് പൂനാവാലയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. അവർ ഒരുമിച്ച് താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള മെഹ്‌റോളിയിലെ ഛത്തർപൂരായിരുന്നു ഈ സമയത്ത് ഫോണിന്‍റെ ലൊക്കേഷൻ എന്നും പൊലീസ് മനസിലാക്കി. മെയ് 22 ന് അവൾ പോയതുമുതൽ താൻ അവളുമായി ബന്ധമില്ലെന്ന അഫ്താബിന്‍റെ മൊഴി ഇതോടെ പോലീസ് സംശയത്തോടെ കാണാന്‍ തുടങ്ങി.

ഈ മാസം ആദ്യം തന്നെ വീണ്ടും അഫ്താബിനെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചു. പണം പിന്‍വലിച്ചത് സംബന്ധിച്ച ചോദിച്ചപ്പോള്‍ ശ്രദ്ധയുടെ പാസ്‌വേഡുകൾ ഉള്ളതിനാൽ ബാങ്ക് ട്രാൻസ്ഫർ നടത്തിയെന്നാണ് പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. ബാങ്ക് ഉദ്യോഗസ്ഥർ ശ്രദ്ധയുടെ മുംബൈ വിലാസത്തിലേക്ക് നോട്ടീസ് അയക്കാതിരിക്കാന്‍ അഫ്താബ് അവളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകളും അടച്ചിരുന്നു.

അതേസമയം ശ്രദ്ധ ജീവിച്ചിരിക്കുന്നുവെന്ന് സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ അവളുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാൻ ശ്രദ്ധയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അഫ്താബ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. മെയ് 31-ലെ ചാറ്റുകള്‍ നടത്തുമ്പോഴും ഫോണിന്റെ സ്ഥാനം വീണ്ടും മെഹ്‌റൗളിയാണെന്ന് കാണിച്ചതായി പൊലീസ് കണ്ടെത്തി. ഇതോടെ അഫ്താബിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തീരുമാനിച്ചു. മഹാരാഷ്ട്ര പൊലീസിന്‍റെ നിര്‍ദേശ പ്രകാരം ദില്ലി പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സുപ്രധാന ചോദ്യം പൊലീസ് ഉന്നയിച്ചത്, മെയ് 22 ന് ശ്രദ്ധ അഫ്താബിനെ ഉപേക്ഷിച്ച് പോയെങ്കില്‍ അവളുടെ ഫോണ്‍ ഇപ്പോഴും മെഹ്‌റൗളി തന്നെ വരുന്നത് എന്ത് കൊണ്ട് ?, ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മുന്നിലേക്ക് ഇട്ടതോടെ അഫ്താബ് പൂനാവാലയുടെ നിയന്ത്രണം തെറ്റി. അയാള്‍ പൊട്ടിത്തെറിച്ചു. വിചിത്രമായ വിശദീകരണങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഒരോ തെളിവുകളായി പൊലീസ് നിരത്തിയതോടെ അയാള്‍ ഒടുവില്‍ കുറ്റം സമ്മതിച്ചു.

Top