ഇന്ത്യന്‍ നായകന് ആശംസകള്‍ നേര്‍ന്ന് പാക്കിസ്ഥാന്‍ മുന്‍ താരം അഫ്രീദി

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ ബാറ്റിങ് റെക്കോര്‍ഡുകള്‍ അടിച്ചു കൂട്ടി മുന്നേറുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പാക്കിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി- 20യില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച കൊഹ്ലിയെ ‘മഹാനായ താരം’ എന്നാണ് അഫ്രീദി വിശേഷിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ വിജയക്കുതിപ്പ് തുടരട്ടെയെന്നും അഫ്രീദി ആശംസിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ 52 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സുമടക്കം 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോഹ്ലിയാണ് ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയത് കൊഹ്ലി തന്നെയായിരുന്നു. ഇതിനു പുറമെ ട്വന്റി- 20യില്‍ കൂടുതല്‍ റണ്‍സ്, കൂടുതല്‍ 50ല്‍ അധികം സ്‌കോറുകള്‍, കൂടുതല്‍ ഫോറുകള്‍ തുടങ്ങിയ റെക്കോര്‍ഡുകളും കോഹ്‌ലി സ്വന്തമാക്കിയിരുന്നു.

മാത്രമല്ല, രാജ്യാന്തര ട്വന്റി- 20യില്‍ 11ാം മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടി അഫ്രീദിയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. ഇനി ഇവര്‍ക്കു മുന്നിലുള്ളത് 12 തവണ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ അഫ്ഗാന്‍ താരം മുഹമ്മദ് നബി മാത്രമാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഈ പ്രകടനത്തിനു പിന്നാലെയാണ് ട്വിറ്ററിലൂടെ അഫ്രീദി കോലിയെ പുകഴ്ത്തി രംഗത്തെത്തിയത്. ഈ ഇന്നിങ്‌സോടെ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും കോലിയുടെ ശരാശരി 50 കടന്നിരുന്നു. ടെസ്റ്റില്‍ 50.14, ഏകദിനത്തില്‍ 60.31, ട്വന്റി- 20യില്‍ 50.85 എന്നിങ്ങനെയാണ് കോലിയുടെ ഇപ്പോഴത്തെ ശരാശരി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നടത്തിയ ട്വീറ്റ് സഹിതമാണ് അഫ്രീദിയുടെ റീട്വീറ്റ്.

‘അഭിനന്ദനങ്ങള്‍ വിരാട് കോലി. നിങ്ങള്‍ മഹാനായ കളിക്കാരനാണ്. ഭാവിയിലും ഇതുപോലുള്ള മികച്ച പ്രകടനങ്ങള്‍ തുടരാനാകട്ടെ. ഇനിയും ഇത്തരം ഇന്നിങ്‌സുകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരെ സന്തോഷിപ്പിക്കുക’ എന്നാണ് അഫ്രീദി കുറിച്ചത്.

Top