ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് സ്ഥാനമൊഴിയുവാന്‍ നിര്‍ദേശവുമായി പാര്‍ട്ടി

jacob-zuma

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് സ്ഥാനമൊഴിയുവാന്‍ നിര്‍ദേശവുമായി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്.(എഎന്‍സി) അടുത്ത 48 മണിക്കൂറിനുള്ളില്‍ സ്ഥാനമൊഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റ് സിറില്‍ രാമഫോസയുടെ അധ്യക്ഷതയില്‍ നടന്ന എക്‌സിക്യൂട്ടിവ് ബോഡി യോഗത്തിലായിരുന്നു തീരുമാനം. രാജിവെക്കാത്ത പക്ഷം പുറത്താക്കല്‍ നടപടി സ്വീകരിക്കുമെന്നും സുമയുടെ വീട്ടിലെത്തി രാമഫോസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2009 മുതല്‍ അധികാരത്തിലുള്ള ജേക്കബ് സുമയ്‌ക്കെതിരെ അടുത്തിടെയായി നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 75കാരനായ സുമയ്ക്കു മേല്‍ രാജി സമ്മര്‍ദം ശക്തമായിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം ബാക്കിയുള്ളതിനാല്‍ അധികാരമൊഴിയാന്‍ സുമ വിസമ്മതിച്ചതോടെയാണ് പാര്‍ട്ടി കടുത്ത തീരുമാനവുമായി മുന്‍പോട്ടു പോകുന്നത്.

സുമ അധികാരത്തില്‍ തുടര്‍ന്നു പോയാല്‍ അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് കര്‍ശന നടപടി. സുമ രാജി വെച്ചാല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് എഎന്‍സി പ്രസിഡന്റ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ തലവനായി റാമഫോസ സ്ഥാനമേല്‍ക്കും.

Top