അഫ്ഗാനിലെ പാക്കിസ്ഥാൻ വ്യാപാരം ഇടിയുന്നു ; ഇന്ത്യക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്ന്

കറാച്ചി : അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ വ്യാപാരത്തിൽ 50 ശതമാനം ഇടിവെന്ന് പാക് അഫ്ഗാനിസ്ഥാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ സുബൈർ മോട്ടാല. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 2.7 ബില്ല്യൺ യുഎസ് ഡോളറിൻറെ അഫ്ഗാനിലെ പാക്കിസ്ഥാൻ വ്യാപാരം 1.2 ബില്ല്യൺ ഡോളർ ആയി കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത വിപണി , റെഡ് മീറ്റ് ,പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വസ്ത്ര വിപണി എന്നിവയിലാണ് പാക്കിസ്ഥാൻ തകർച്ച നേരിടുന്നത്.

അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്റെ ഈ തകർച്ചയ്ക്ക് പ്രധാന കാരണം ഇന്ത്യയാണ്. അഫ്ഗാനിസ്ഥാൻ ഇന്ത്യയ്ക്ക് വ്യപാരത്തിൽ കൂടുതൽ പരിഗണന നൽകുന്നുവെന്നും , വിപണി പിടിച്ചെടുക്കാൻ ഇന്ത്യ സബ്സിഡി നിരക്കുകളിൽ ചരക്കുകൾ എത്തിക്കുന്നതും 75 ശതമാനം ഇളവുകൾ നൽകി എയർ ടിക്കറ്റുകൾ നൽകുന്നുതുമാണ് ഈ തകർച്ചയ്ക്ക് പിന്നിലെ കാരണമെന്നും സുബൈർ മോട്ടാല ആരോപിച്ചു.

2016 സാമ്പത്തിക വർഷത്തിലെ 1.437 ബില്ല്യൺ ഡോളറിൽ നിന്ന് 2017 സാമ്പത്തിക വർഷത്തിൽ 1.271 ബില്ല്യൺ യുഎസ് ഡോളറിൻറെ ഇടിവ് പാക്കിസ്ഥാന്റെ വിപണയിൽ ഉണ്ടായി. 2017-18 വർഷത്തിലെ ആദ്യപാദത്തിൽ 319 മില്യൺ ഡോളറിന്റെ കയറ്റുമതിമാത്രമാണ് നടന്നതെന്നും പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അഫ്ഗാൻ ജനത കൂടുതൽ മെച്ചപ്പെട്ടതും , താങ്ങാനാവുന്നതുമായ ചികിത്സക്കായി ഇന്ത്യയിൽ പോകുന്നതിനാൽ പെഷവാറിലെ മെഡിക്കൽ മേഖല ഇപ്പോൾ പൂജ്യമായിരിക്കുകയാണെന്നും ഹയറബാദിലെ ആശുപത്രികളിൽ രോഗികൾ എത്തുന്നില്ലെന്നും മോട്ടാല ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനിലെ വിപണിയിൽ പാക്കിസ്ഥാൻ ഇത്തരത്തിൽ തകർച്ച നേരിടുകയാണെങ്കിൽ വ്യാപാര മേഖലയിലെ വരുമാനത്തിൽ ഇടിവ് ഉണ്ടാകും. അത് പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും ചെയ്യുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

റിപ്പോർട്ട് : രേഷ്മ പി.എം

Top