ട്വന്റി-20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ അഫ്ഗാന് ടോസ്; ആദ്യം ബാറ്റു ചെയ്യും

അബുദാബി: ട്വന്റി-20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റമില്ലാതെയാണ് ന്യൂസീലന്‍ഡ് കളിക്കുന്നത്. അഫ്ഗാന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. ഷറഫുദ്ദീന്‍ അഷ്‌റഫിന് പകരം മുജീബുര്‍ റഹ്‌മാന്‍ കളിക്കും. പരിക്കിനെ തുടര്‍ന്ന് മുജീബുര്‍ റഹ്‌മാന്‍ പുറത്തായിരുന്നു. താരത്തിന്റെ തിരിച്ചുവരവ് അഫ്ഗാന്റെ സ്പിന്‍ ബൗളിങ്ങിന് കരുത്താകും.

ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡ് വിജയിച്ചാല്‍ ഇന്ത്യ പുറത്താകും. എട്ടു പോയന്റുമായി ന്യൂസീലന്‍ഡ് സെമിയിലെത്തും. അഫ്ഗാനിസ്താന്‍ ജയിച്ചാല്‍ ന്യൂസീലന്‍ഡിനും അഫ്ഗാനിസ്താനും ആറു പോയന്റ് വീതമാകും. ഇന്ത്യയുടെ പ്രതീക്ഷ പൂക്കും.

തിങ്കളാഴ്ച, ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ ഇന്ത്യ നമീബിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്കും ആറു പോയന്റാകും. വെള്ളിയാഴ്ച സ്‌കോട്‌ലന്‍ഡിനെതിരെ വമ്പന്‍ വിജയം നേടിയ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ ഗ്രൂപ്പില്‍ ഒന്നാമതാണിപ്പോള്‍. നമീബിയയ്‌ക്കെതിരെ നല്ല വിജയം നേടിയാല്‍ റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ എത്താം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തകര്‍പ്പന്‍ ജയം ഇന്ത്യന്‍ ടീമിന് ആവേശം പകര്‍ന്നിട്ടുണ്ട്.

Top