അഫ്ഗാനെ ഭീകരവാദത്തിന്റെ മണ്ണാക്കാനാകില്ല; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് യു.എന്നില്‍ മോദി

ന്യൂയോര്‍ക്ക്: അഫ്ഗാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നുവെന്നും പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് യു.എന്നില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലര്‍ ഭീകരവാദം പടര്‍ത്താന്‍ മുതലെടുക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ലോകത്തിന്റെ സഹായം ആവശ്യമാണ്. ഭീകരവാദത്തിലൂടെ നിഴല്‍ യുദ്ധം തടയുന്നതില്‍ യു.എന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉത്പത്തി കണ്ടെത്തുന്നതിലും യു.എന്‍ സംശയത്തിന്റെ നിഴലിലായി. യുഎന്‍ ശക്തിപ്പെടുത്തണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.

ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഇത് നേരിടാന്‍ ശാസ്ത്ര മൂല്യങ്ങളില്‍ അധിഷ്ഠിതമായ പഠനം ആവശ്യമാണെന്നും ഇന്ത്യ വളരുമ്പോള്‍ ലോകം വളരുന്നു. ഇന്ത്യ മാറുമ്പോള്‍ ലോകം വളരുകയാണെന്നും മോദി ചൂണ്ടികാട്ടി.

ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎന്‍എ വാക്‌സീന്‍ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്കാന്‍ ഇന്ത്യ തയ്യാറാണ്. ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്‌സീന്‍ ഉത്പാദനത്തിന് ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Top