അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാനുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിച്ചു

അഫ്ഗാനിസ്ഥാന്‍: താലിബാനുമായുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമാധാന ചര്‍ച്ചകള്‍ക്ക് താലിബാന്‍ സന്നദ്ധമാകണമെന്ന് അഷ്‌റഫ് ഗനി അഭ്യര്‍ഥിച്ചു.

18 ദിവസം നീണ്ട വെടിനിര്‍ത്തലാണ് അഫ്ഗാനിസ്ഥാനില്‍ അവസാനിക്കുന്നത്. കഴിഞ്ഞ ഈദുല്‍ ഫിത്‌റിനോടനുബന്ധിച്ചായിരുന്നു വെടിനിര്‍ത്തല്‍. കഴിഞ്ഞ ജൂണ്‍ 5ന് അപ്രതീക്ഷിതമായാണ് അഫ്ഗാന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ജൂണ്‍ 9ന് താലിബാന്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുന്നതായി അറിയിച്ചു.

സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധമായാല്‍ ഇനിയും വെടിനിര്‍ത്തല്‍ തുടരുമെന്നും മറിച്ച് അക്രമത്തിന്റെ വഴി തന്നെയാണ് താലിബാന്‍ തുടരുന്നതെങ്കില്‍ വെടിനിര്‍ത്തലിന് അര്‍ഥമില്ലെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയുടെ അടക്കമുള്ള വിദേശ സൈന്യം പിന്‍മാറണമെന്ന് ആവശ്യപ്പെട്ടാണ് താലിബാന്‍ യുദ്ധം നടത്തുന്നത്.

സര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ നീക്കത്തിന് അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍, സമാധാന നീക്കങ്ങള്‍ തള്ളിക്കളയുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും താലിബാന്‍ നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനുള്ള ജനങ്ങളുടെ ആഗ്രഹം ഭീകരര്‍ മാനിക്കണമെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും പ്രസിഡന്റ് അഷറഫ് ഗനി ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. താലിബാന്‍ ഭീകരരെ കഴിഞ്ഞ ഫെബ്രുവരിയിലും അഫ്ഗാന്‍ പ്രസിഡന്റ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെങ്കിലും സമാധാന നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു.

Top